4 ബാങ്കിനെക്കൂടി ലയിപ്പിക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി > കിട്ടാക്കടം പെരുകുന്നത് തടയാനെന്നപേരില്‍ നാല് പൊതുമേഖലാ ബാങ്കിനെക്കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കാനാണ് കേന്ദ്രം താല്‍പ്പര്യപ്പെടുന്നത്. 2017-18 വര്‍ഷത്തില്‍ നാലുബാങ്കിനും കൂടി 21646.38 കോടി രൂപയുടെ നഷ്ടമുണ്ടായി. നഷ്ടം നികത്താനെന്നപേരില്‍ ബാങ്കുകളുടെ സ്വത്തുക്കള്‍ വില്‍ക്കുക, ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, ശാഖകള്‍ അടച്ചുപൂട്ടുക എന്നീ ലക്ഷ്യങ്ങളുമായാണ് കേന്ദ്രം ലയനപ്രക്രിയ നിര്‍ദേശിക്കുന്നത്.

മോശം വായ്പകളെ തുടര്‍ന്നുള്ള നീക്കിയിരുപ്പ് വര്‍ധിച്ചതോടെ ബാങ്ക് ഓഫ് ബറോഡയ്ക്ക് ജനുവരി മാര്‍ച്ച് പാദത്തില്‍ 3102.34 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഐഡിബിഐ ബാങ്കിനാകട്ടെ നാലാം പാദത്തില്‍ 5662.76 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കിട്ടാക്കടം ആകെ വായ്പയുടെ 27.95 ശതമാനമായി ഉയരുകയും ചെയ്തു. ആര്‍ബിഐയുടെ ദ്രുതതിരുത്തല്‍ നടപടി (പിസിഎ) ചട്ടക്കൂട്ടില്‍ ഉള്‍പ്പെട്ട ബാങ്കുകളാണ് ബാങ്ക് ഓഫ് ബറോഡ ഒഴികെയുള്ള മറ്റ് മൂന്ന് ബാങ്കുകളും. ഈ ചട്ടക്കൂട്ടില്‍ ഉള്‍പ്പെടുന്ന ബാങ്കുകള്‍ക്ക് ലാഭവിഹിതം പങ്കുവയ്ക്കുന്നതിനും പുതിയ വായ്പകള്‍ അനുവദിക്കുന്നതിനും മറ്റും നിയന്ത്രണങ്ങളുണ്ടാകും.

KCN

more recommended stories