സംസ്ഥാനത്ത് നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 3416 മിസ്സിങ് കേസുകള്‍; 3069 പേരെയും പോലീസ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 3416 മിസ്സിങ് കേസുകളില്‍ 3069 പേരെയും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാണാതാകല്‍ കേസുകളില്‍ തീര്‍പ്പാകാതെ ശേഷിക്കുന്നത് ഇനി ഏതാനും എണ്ണം മാത്രം.

മിസ്സിങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ സൈബര്‍ സെല്ലിന്റെയടക്കം സഹായത്തോടെ കുറ്റമറ്റ അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്. തീര്‍പ്പാകാതെ ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ഊര്‍ജിതാന്വേഷണവും പ്രത്യേക സംഘം രൂപീകരിച്ച് തുടരുകയാണ്. കാണാതാകുന്നതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ ഫോട്ടോയടക്കം കേരളത്തിലും പുറത്തുമുള്ള മുഴുവന്‍ പോലീസ് സ്റ്റേഷനിലും ഓണ്‍ലൈനായി അറിയിക്കുന്നുണ്ട്.

കാണാതായ കുട്ടികളെ കണ്ടത്താന്‍ രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്.

2018 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ 3416 പേരെയാണ് കാണാതായത്. ഇതില്‍ 794 പുരുഷന്‍മാരും 2068 സ്ത്രീകളും 554 കുട്ടികളുമാണ്. 583 പുരുഷന്‍മാരെയും 1967 സ്ത്രീകളെയും 519 കുട്ടികളെയും കണ്ടെത്തി. കണ്ടെത്താനുള്ളവരില്‍ 35 പേര്‍ മാത്രമാണ് കുട്ടികള്‍. 211 പുരുഷന്‍മാരെയും 101 സ്ത്രീകളെയും കണ്ടെത്താനുണ്ട്. പോലീസിന്റെ കാര്യക്ഷമത തെളിയിക്കുന്നതാണ് ഈ കണക്ക്.

KCN