മാണിയുടെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും; യു.ഡി.എഫ് ഒറ്റക്കെട്ട് -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പി.ജെ. കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. താന്‍ പരാതി പറയുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാല്‍ കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോടു വ്യക്തിപരമായി വൈരാഗ്യമില്ല. 1980 മുതല്‍ അദ്ദേഹം മത്സരിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെല്ലാം സജീവമായി താന്‍ കൂടെയുണ്ടായിരുന്നു. കുര്യന്‍ രാജ്യസഭയിലേക്ക് പോകുമ്‌ബോള്‍ കേരള കോണ്‍ഗ്രസിന് അവകാശ വാദം ഉന്നയിക്കാമായിരുന്നു. എന്നാല്‍ താനാണ് ആ സീറ്റ് കുര്യന് നല്‍കിയത്. 2012ല്‍ കുര്യനോടു മാറി നില്‍ക്കണമെന്നു പറഞ്ഞിരുന്നു. പകരം മലബാറില്‍നിന്നുള്ള നേതാവിന്റെ പേരു കൊടുക്കണമായിരുന്നു. എന്നാല്‍ മത്സരിക്കണമെന്ന് കുര്യന്‍ നിര്‍ബന്ധം പിടിച്ചു. കൂടാതെ നേതൃത്വം പറഞ്ഞത് കുര്യന്റെ പേരു കൊടുക്കാനായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

KCN

more recommended stories