ലക്ഷ്വറി കള്ളന്‍ കുടുങ്ങി; മോഷ്ടിച്ചത് 60 ആഡംബര കാര്‍ ഉള്‍പ്പെടെ 100 കാറുകള്‍

ജയ്പുര്‍: ആഡംബര കാറുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നയാള്‍ ജയ്പൂരില്‍ പിടിയിലായി. ഡല്‍ഹിയില്‍ നിന്ന് 60 ആഡംബര കാര്‍ ഉള്‍പ്പെടെ 100 കാറുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജയ്പൂരിലെ ദൗസ സ്വദേശിയായ രാജേഷ് മീന എന്ന രാഹുലിനെയാണ് ഷിപ്ര പാത്ത് പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് മൂന്ന് കാറുകളും ഒരു ബൈക്കും പോലീസ് പിടികൂടി.

ഇയാളുടെ താമസസ്ഥലം പരിശോധിച്ച പോലീസ്, ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള കാറിന്റെ വരെ ലോക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം തകര്‍ക്കാനുള്ള യന്ത്രങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ 16 മാസത്തിനുള്ളില്‍ 100 കാറുകള്‍ മോഷ്ടിച്ചതായി രാഹുല്‍ പോലീസിനോട് പറഞ്ഞു. ഇതില്‍ 60 എണ്ണം ഡല്‍ഹിയിലെ വിവിധ മേഖലയില്‍നിന്നും 40 എണ്ണം ജയ്പൂരില്‍ നിന്നുമാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ വാഹന മോഷണ കേസുകളുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ഡിസിപി, എസിപി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. ഡല്‍ഹിയില്‍ നിന്ന് മോഷ്ടിച്ച കാറുകള്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയിലുള്ള കാര്‍ ഡീലറിന് വിറ്റതായി രാഹുല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ജയ്പൂരില്‍നിന്ന് മോഷ്ടിച്ച കാറുകള്‍ പാലി, ജലോര്‍, ജോദ്പുര്‍, അജ്മെര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ വിറ്റതായി അഡീഷണല്‍ ഡിസിപി മനോജ് ചൗധരി അറിയിച്ചു.

KCN

more recommended stories