എളമരം കരീം രാജ്യസഭ സ്ഥാനാര്‍ഥി

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എളമരം കരീമിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എല്‍.ഡി.എഫിന് വിജയിപ്പിക്കാന്‍ കഴിയുന്ന രണ്ട് സീറ്റുകളിലൊന്നില്‍ സ്ഥാനാര്‍ഥിയായി ബിനോയ് വിശ്വത്തെ സി.പി.ഐ നേരത്തേ നിശ്ചയിച്ചിരുന്നു. എളമരം കരീമും ബിനോയ് വിശ്വവും തിങ്കളാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

ജയിപ്പിക്കാന്‍ കഴിയുന്ന ഏക രാജ്യസഭാ സീറ്റിനെച്ചൊല്ലി യു.ഡി.എഫിലും കോണ്‍ഗ്രസിലും തര്‍ക്കം രൂക്ഷമായ സ്ഥിതിക്ക് മൂന്നാമതൊരു സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് നിര്‍ത്തുമെന്ന് ആഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, അത്തരമൊരു നീക്കമില്ലെന്ന് സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു.

സി.ഐ.ടി.യു ദേശീയ സെക്രട്ടറി കൂടിയായ എളമരം കരീമിന്റെ പേര് ഐകകണ്‌ഠ്യേനയാണ് വെള്ളിയാഴ്ച ചേര്‍ന്ന യോഗം അംഗീകരിച്ചത്. ഇടതുപക്ഷനിലപാട് പാര്‍ലമന്റെില്‍ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുന്ന മുതിര്‍ന്ന നേതാവ് വേണമെന്ന നിലപാടാണ് സ്ഥാനാര്‍ഥിത്വം കരീമിലേക്ക് എത്തിച്ചത്. ജനീവയില്‍ ചേര്‍ന്ന 108ാമത് അന്താരാഷ്ട്ര ലേബര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വ്യാഴാഴ്ചയാണ് കരീം മടങ്ങിയെത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ അദ്ദേഹം 1996ല്‍ കോഴിക്കോട് -രണ്ട് മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്. 2001ല്‍ പരാജയപ്പെട്ടെങ്കിലും 2006ല്‍ ബേപ്പൂരില്‍നിന്ന് വിജയിച്ചു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറില്‍ വ്യവസായമന്ത്രിയായി. 2011ല്‍ വീണ്ടും ബേപ്പൂരിനെ പ്രതിനിധീകരിച്ചു.

എസ്.എഫ്.ഐയുടെ ആദ്യകാല രൂപമായ കെ.എസ്.എഫിലൂടെ 1971ലാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. 2005ല്‍ സി.പി.എം സംസ്ഥാനസമിതി അംഗമായി. സി.ഐ.ടി.യു റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റഹ്മത്താണ് ഭാര്യ. മക്കള്‍: സുമി( ലണ്ടന്‍), നിമ്മി.

ഇടത്-മതേതര കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കും -എളമരം കരീം
തിരുവനന്തപുരം: ഇടതുപക്ഷ, മതേതര കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സി.പി.എം രാജ്യസഭാ സ്ഥാനാര്‍ഥി എളമരം കരീം പറഞ്ഞു. കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കും. തൊഴിലാളിവിരുദ്ധ നടപടികളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories