പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം; പിടിയിലായ മലയാളിയുടെ വീട്ടില്‍ പരിശോധന

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂനെ പൊലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അറസ്റ്റിലായ നക്‌സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വില്‍സണിന്റെ (47) വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി. കേന്ദ്ര, സംസ്ഥാന ഏജന്‍സികളാണ് നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് പിന്നിലുള്ള റോണയുടെ കുടുംബവീട് ഇന്നലെ പരിശോധിച്ചത്. ഇവിടെ താമസിക്കുന്ന സഹോദരങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടില്‍ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

അടുത്തിടെയൊന്നും ഇയാള്‍ നാട്ടില്‍ വന്നിട്ടില്ലെന്നാണ് വിവരം കഴിഞ്ഞവര്‍ഷം കൊല്ലത്ത് ഒരു സാംസ്‌കാരിക സംഘടന നടത്തിയ പരിപാടിയിലാണ് റോണ ഏറ്റവും ഒടുവിലായി എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തായാക്കിയ റോണ വില്‍സണ്‍ ഡല്‍ഹി ജെ.എന്‍.യുവില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി അഞ്ച് വിഷയങ്ങളില്‍ ഡോക്ടറേറ്റ് സമ്ബാദിച്ചിട്ടുണ്ടെന്ന് നാട്ടിലെ പഴയ കാല സുഹൃത്തുക്കള്‍ പറയുന്നു. ഏകദേശം 15 ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള റോണയുടെ പ്രവര്‍ത്തന കേന്ദ്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നാണ് അറിയുന്നത്. സാമൂഹ്യ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉയരാന്‍ സാദ്ധ്യതയുള്ള ചില വന്‍ പദ്ധതികളില്‍ ചില ഉത്തരേന്ത്യന്‍ സര്‍ക്കാരുകള്‍ നേരത്തെ ഇദ്ദേഹത്തിന്റെ വിദഗ്ദ്ധോപദേശം തേടിയിരുന്നതായും പറയപ്പെട്ടിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ ഒരു വമ്ബന്‍ പദ്ധതിക്കെതിരെ ഗോത്ര വര്‍ഗക്കാരെ സംഘടിപ്പിച്ച് റോണ സമര മുഖത്തുണ്ടായിരുന്നുവെന്നും ഒരു സുഹൃത്ത് പറഞ്ഞു.

റോണ വില്‍സന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തിലാണ് ഗൂഢാലോചനയുടെ സൂചനയുള്ളത്. ‘ മോദി രാജ് അവസാനിപ്പിക്കാന്‍ മറ്റൊരു രാജീവ് ഗാന്ധി സംഭവമാണ് ആലോചിക്കുന്നത്. അത് ആത്മഹത്യാപരമാണ്. നമ്മള്‍ പരാജയപ്പെട്ടേക്കാം. എങ്കിലും ഈ നിര്‍ദേശം പാര്‍ട്ടി പോളിറ്റ് ബ്യൂറോയും സെന്‍ട്രല്‍ കമ്മിറ്റിയും ചര്‍ച്ച ചെയ്യണം’ എന്നായിരുന്നു കത്തിലെ വാചകങ്ങള്‍.

KCN