അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ദുബായി: പ്രമുഖ മലയാളി പ്രവാസി വ്യാവസായി അറ്റ്ലസ് രാമചന്ദ്രന്‍ എന്ന എംഎം രാമചന്ദ്രന്‍ ജയില്‍ മോചിതനായി. സാമ്പത്തിക കുറ്റകൃത്യത്തില്‍പ്പെട്ട് 2015 ഓഗസ്റ്റിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയിലിലായത്. ബാങ്കുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിന് വഴി തെളിഞ്ഞത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രാമചന്ദ്രന്റെ കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമം തുടരുകയായിരുന്നു. രാമചന്ദ്രന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തില്‍ യുഎഇ അധികൃതരുമായും മറ്റ് പ്രമുഖ ഇന്ത്യന്‍ പ്രവാസി വ്യവസായികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ ചെയര്‍മാനായ രാമചന്ദ്രനെ 3.4 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായി കോടതി ശിക്ഷിച്ചത്. 1000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുന്‍നിര്‍ത്തി 22 ബാങ്കുകള്‍ രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ കുടുങ്ങിയതും ജയിലിലടയ്ക്കപ്പെട്ടതും.

മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍, വൈശാലി, സുകൃതം,വാസ്തുഹാര, കൗരവര്‍, ധനം, ചകോരം,ഇന്നലെ, വെങ്കലം എന്നീ ചിത്രങ്ങള്‍ അദ്ദേഹമാണ് നിര്‍മ്മിച്ചത്. മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം,ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു.

KCN

more recommended stories