സുധാകരനെതിരെ ആഞ്ഞടിച്ച് കണ്ണൂരില്‍ മറ്റൊരു നേതാവുകൂടി പാര്‍ട്ടി വിട്ടു

കണ്ണൂര്‍: കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി കണ്ണൂരില്‍ ഒരു നേതാവുകൂടി കോണ്‍ഗ്രസിനോട് വിട പറഞ്ഞു. ജവഹര്‍ ബാലവേദി ജില്ലാ ചെയര്‍മാനും ഡിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന എ വി ജിതേഷാണ് രാജിവച്ചത്. കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല രാഷ്ട്രീയ നിലപാടുകളിലും സുധാകരനെപ്പോലുള്ള നേതാക്കളുടെ അഴിമതിയിലും ആര്‍എസ്എസ് ബന്ധത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ജിതേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ക്ക് തുടരാന്‍ കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. വര്‍ഗീയശക്തികളുമായി രഹസ്യമായും പരസ്യമായും ബന്ധം സ്ഥാപിച്ചാണ് മിക്ക നേതാക്കളുടെയും പ്രവര്‍ത്തനം. ജവഹര്‍ ബാലജനവേദി സംസ്ഥാന ചെയര്‍മാന്‍ ജി വി ഹരി വട്ടിയൂര്‍കാവില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ താന്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി സുധാകരനുമായി ബന്ധപ്പെട്ട് തന്നെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി.

പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസ്സുമായി മാറുന്ന ആളുകള്‍ കോണ്‍ഗ്രസിലുണ്ടെന്ന് എ കെ ആന്റണി പറഞ്ഞത് സുധാകരനെയും ഹരിയെയുംപോലുള്ള നേതാക്കളെ ഉദ്ദേശിച്ചാണ്. ഷുഹൈബ് വിഷയത്തില്‍ സുധാകരന്‍ നിരാഹാരം കിടക്കുമ്‌ബോള്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ സമരപ്പന്തലില്‍ മണിക്കൂറുകളാണ് ചെലവഴിച്ചത്. അണികളില്‍ സിപിഐ എം വിരോധം ആളിക്കത്തിച്ച് അവരെ ബിജെപിയിലേക്ക് പറഞ്ഞയക്കുന്നു. ഒടുവില്‍ സ്വയം ബിജെപിയിലെത്താമെന്ന ഹിഡന്‍ അജന്‍ഡയാണ് സുധാകരന്. ജില്ലയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പല സഹകരണ സംഘങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ച് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ആണ് ജോലി കൊടുക്കുന്നത്. ഇതിനു പിന്നിലും സുധാകരന്റെ ഇടപെടലാണെന്നും ജിതേഷ് ആരോപിച്ചു.

KCN

more recommended stories