ഗവര്‍ണറായശേഷം ആദ്യമായി കുമ്മനം രാജശേഖരന്‍ കേരളത്തില്‍ എത്തുന്നു; അതും ഇസെഡ് പ്ലസ് സുരക്ഷയോടെ

തിരുവനന്തപുരം: ഗവര്‍ണറായശേഷം ആദ്യമായി കുമ്മനം കേരളത്തില്‍ എത്തുന്നു. അതും ഇസെഡ് പ്ലസ് സുരക്ഷയോടെ. കേരളത്തിലെത്തുന്ന കുമ്മനത്തിന് 20 വരെ തിരക്കോട് തിരക്കാണ്. വ്യാഴാഴ്ചയാണ് കുമ്മനം എത്തുന്നത്. അതേസമയം പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 16ന് ശബരിമല സന്ദര്‍ശനവും നടത്തുന്നുണ്ട്.

ഇപ്പോള്‍ പണ്ടത്തെ പോലെയല്ല, എവിടെയെങ്കിലും പോവണമെങ്കില്‍ ഏഴ് ദിവസം മുമ്ബ് തന്നെ രാഷ്ട്രപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം. മിസോറാമില്‍ ചെറിയ സുരക്ഷയൊന്നുമല്ല കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുളത്. ആയുധധാരികളായ നൂറ് സി.ആര്‍.പി.എഫ് ഭടന്‍മാര്‍ കുമ്മനത്തിന്റെ ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നുണ്ട്. പുറത്ത് അസാം റൈഫിള്‍സിന്റെ 50 പേരുടെ പട വേറെയും. ബംഗ്ലാദേശും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ നല്‍കുന്നത്.

സുരക്ഷ ഏകോപിപ്പിക്കാന്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും സി.ആര്‍.പി.എഫിന്റെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനും സ്ഥലത്തുണ്ട്. സംസ്ഥാനത്ത് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനത്തിന്റെ വരവ്.

KCN