വടക്കന്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍; ഒന്‍പതു വയസുകാരി മരിച്ചു പതിനൊന്നുപേരെ കാണാതായി

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയിലെ പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടില്‍ ഒരാള്‍ മരിച്ചു. അബ്ദുള്‍ സലീമിന്റെ മകള്‍ ഒന്‍പതു വയസുകാരി ദില്‍നയാണ് മരിച്ചത്.

താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലായിരുന്നു ഉരുള്‍പൊട്ടല്‍. കട്ടിപ്പാറ, ചമല്‍ പ്രദേശത്ത് അഞ്ചുവീടുകള്‍ തകര്‍ന്നു. പത്തുപേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചില്‍ ഏഴുവീടുകള്‍ വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ താമരശേരി ചുരത്തിലും വന്‍ഗതാഗതക്കുരുക്കാണുള്ളത്. അതിനിടെ, മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാത്തല്ലൂരില്‍ 6 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകട സാധ്യതയെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തസ്തികയില്‍ ഉള്ളവര്‍ ജില്ലവിട്ടുപോകരുതെന്ന് ലീവിലുള്ളവര്‍ റദ്ദാക്കി തിരിച്ചെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്

വൈത്തിരി തളിപ്പുഴയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു രണ്ടുപേര്‍ക്ക് പരുക്കേറ്റു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വയനാട് കാരാപ്പുഴ ഡാം, കോഴിക്കോട് കക്കയം ഡാം, പാലക്കാട് മംഗലം ഡാം, നെയ്യാര്‍ ഡാം എന്നിവയുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ ജാഗത്ര പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

KCN

more recommended stories