ചികിത്സക്ക് പണം ആവശ്യപ്പെട്ട കാന്‍സര്‍ രോഗിയായ പിതാവിനെ മര്‍ദ്ദിച്ചതായി പരാതി: മകനെതിരെ കേസ്

മുളിയാര്‍: ചികിത്സക്ക് വേണ്ടി പണം ആവശ്യപ്പെട്ട കാന്‍സര്‍ രോഗിയായ പിതാവിനെ മകന്‍ മര്‍ദ്ദിച്ചതായി പരാതി. മുളിയാര്‍ മാസ്തിക്കുണ്ടിലെ പരങ്ങാനം മുഹമ്മദ് കുഞ്ഞി(67)ക്കാണ് മര്‍ദ്ദനമേറ്റത്. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ മകന്‍ അബ്ദുല്‍ റാഷിദിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെയാണ് സംഭവം.അബ്ദുല്‍ റാഷിദ് അടക്കം മുഴുവന്‍ മക്കള്‍ക്കും സ്വത്ത് വീതിച്ച് നല്‍കിയതിനാല്‍ തന്റെ പേരിലിപ്പോള്‍ സ്ഥലമില്ലെന്നും കാന്‍സര്‍ രോഗിയായ തനിക്ക് ചികിത്സിക്കാന്‍ പണം നല്‍കാത്തതിനാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും മുഹമ്മദ് കുഞ്ഞി പറയുന്നു. ഭാര്യ ബീഫാത്തിമക്കും മകന്‍ അബ്ദുല്‍ റാഷിദിനുമൊപ്പമാണ് മുഹമ്മദ് കുഞ്ഞി താമസിക്കുന്നത്. തന്റെ പേരിലുണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ മുഹമ്മദ് കുഞ്ഞി മകന്റെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. കൂടാതെ ക്വാര്‍ട്ടേഴ്‌സിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. ചികിത്സക്ക് പണമില്ലാത്തതിനാല്‍ ഈ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ അബ്ദുല്‍ റാഷിദ് മുഹമ്മദ് കുഞ്ഞിയെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. ഇതിന് ശേഷം മകന്‍ കഴുത്തിന് പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ പരാതി.

KCN

more recommended stories