‘എന്നേയും പി.സി ചാക്കോയേയും ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തി’- പി.ജെ കുര്യന്‍

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് എന്നേയും പി.സി ചാക്കോയോയും വെട്ടിനിരത്താനായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവല്ലയില്‍ നടത്തിയ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹം വേദിയാക്കിയത് ഇത്തവണ ഡല്‍ഹിയായിരുന്നു.

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പാണ് വലുത്. എതിര്‍ക്കുന്നവരെ വെട്ടിവീഴ്ത്തും 1981 ല്‍ തനിക്ക് സീറ്റ് തന്നത് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത് പോലെ അദ്ദേഹമോ ആര്യാടന്‍ മുഹമ്മദോ സീറ്റ് പറഞ്ഞിട്ടല്ല. വയലാര്‍ രവിയാണ് എന്റെ പേര് പറഞ്ഞത്. അന്ന് അതിനെ ആന്റണി അനുകൂലിച്ചു. അന്നും ഞാന്‍ സീറ്റ് ആരോടും ചോദിച്ചിരുന്നില്ല. വയലാര്‍ രവി വീട്ടിലെത്തി എന്റെ മാതാപിതാക്കളെ കണ്ട് നിര്‍ബന്ധിച്ചു. അങ്ങനെയാണ് മത്സരിച്ചത്. ഉമ്മന്‍ ചാണ്ടി ജനകീയനാണ്. സമ്മതിക്കുന്നു. പക്ഷേ ഉമ്മന്‍ ചാണ്ടി നയിച്ച മൂന്നു തിരഞ്ഞെടുപ്പിന്റെയും ഫലം എന്താണ്. രണ്ട് തവണ തോറ്റു. ഭരണം കിട്ടിയപ്പോള്‍ രണ്ട് സീറ്റ് മാത്രമേ ഭൂരിപക്ഷം കിട്ടിയുള്ളൂ. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനകീയര്‍ പാര്‍ട്ടിയിലുണ്ട്. ഞാന്‍ ജനകീയനൊന്നുമല്ല. പക്ഷേ പാര്‍ട്ടി ഏല്‍പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യുന്ന ആളാണ് ഞാന്‍. 1980 ല്‍ മാവേലിക്കരയില്‍ മത്സരിക്കുമ്‌ബോള്‍ അത് എല്‍ഡിഎഫ് മണ്ഡലമായിരുന്നു. തുടര്‍ച്ചയായി അഞ്ച് തവണ ഞാന്‍ അവിടെ ജയിച്ചു. രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പാക്കി. 99 ല്‍ സോണിയ ഗാന്ധി ചീഫ് വിപ്പാക്കി. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ഗുണം ചെയ്യുമെങ്കില്‍ അത് ബിജെപിക്കായിരിക്കും. ഈ തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കും.

വ്യക്തിപരമായ ഒരു ആവശ്യവും ഉമ്മന്‍ ചാണ്ടിയോട് ഞാന്‍ ചോദിച്ചിട്ടില്ല. ഭരണം കിട്ടിയപ്പോള്‍ ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനത്ത് ജില്ലയോട് അനീതി കാട്ടി. യുവ എംഎല്‍എമാര്‍ എന്നെ പരസ്യമായി അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. സീറ്റ് നിഷേധിച്ചിട്ട് ഫോണില്‍ വിളിച്ച് പോലും പറയാന്‍ ഉമ്മന്‍ ചാണ്ടി സാമാന്യ മര്യാദ കാണിച്ചില്ല. ചെന്നിത്തല മാപ്പ് ചോദിച്ചു. ഉമ്മന്‍ ചാണ്ടി മാപ്പ് പറയണമെന്ന് പറയുന്നില്ല. ഫോണില്‍ വിളിക്കരുതോ. യുവ എംഎല്‍എമാര്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടിക്കും ബാധകമല്ലേ. സുധീരനെ പോലെ ഞാനും ഗ്രൂപ്പിന് പുറത്താണ്. നിയമപരമായ കാര്യങ്ങള്‍ മാത്രമേ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തിരുന്ന് ചെയ്തിട്ടുള്ളൂവെന്നും കുര്യന്‍ പറഞ്ഞു.

KCN

more recommended stories