വീട്ടുപണിക്ക് പോകരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം. ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്ബ് ഫോളോവേഴ്സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായുള്ള കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉന്നത പോലീസുദ്യോഗസ്ഥരുടെകൂടെ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്ബ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പ് തുടങ്ങി. കണക്കെടുപ്പ് പ്രഹസനമാണെന്ന ആക്ഷേപവുമായി ക്യാമ്ബ് ഫോളോവേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പോലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നത്. രേഖയില്‍ കാണിക്കാതെ ഒട്ടേറെ പോലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപം. അതേസമയം, പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ, സമാനമായ ആരോപണങ്ങളുമായി കൂടുതല്‍ പോലീസുകാര്‍ രംഗത്തുവരുന്നുണ്ട്. തൃശ്ശൂരില്‍ ഐപിഎസ് ട്രെയ്‌നിയുടെ വീട്ടിലെ അടുക്കള മാലിന്യം കളയാന്‍ വിസമ്മതിച്ചതിന് പോലീസുകാരനെ സ്ഥലം മാറ്റിയതായി പരാതിയുയര്‍ന്നിട്ടുണ്ട്. തൃശ്ശൂര്‍ മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥക്കെതിരേയാണ് ആക്ഷേപം.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേതു കൂടാതെ മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, വിവിധ കമ്മിഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരോടൊപ്പമുള്ള പോലീസുകാരുടെ കണക്കും എടുക്കുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചത് വിവാദമായതിനു പിന്നാലെയാണ് നടപടി. ശനിയാഴ്ച ബെഹ്‌റ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് നിര്‍ദേശം നല്‍കിയത്. ഈ വിഷയം ചര്‍ച്ചചെയ്യുന്നതിന് 20-ന് മുഖ്യമന്ത്രി പോലീസിന്റെ ഉന്നതതല യോഗം വിളിച്ചു.

ഉദ്യോഗസ്ഥരുടെ വ്യക്തിഗത സുരക്ഷയ്ക്കുള്ളവരുടെ എണ്ണം, ജില്ലാതലത്തില്‍ അനുവദിക്കപ്പെട്ട ക്യാമ്ബ് ഫോളോവേഴ്‌സിന്റെ എണ്ണം, നിലവിലെ അംഗസംഖ്യ, ദിവസവേതനക്കാരുടെയും സ്ഥിരം ജീവനക്കാരുടെയും എണ്ണം തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. തിങ്കളാഴ്ച നിയമസഭയില്‍ പ്രതിപക്ഷം പോലീസിലെ ദാസ്യപ്പണി ഉന്നയിക്കാനുള്ള സാധ്യതകൂടി മുന്‍നിര്‍ത്തിയാണ് കണക്കെടുപ്പ്.

അറുനൂറോളംപേര്‍ ഇത്തരത്തില്‍ വീട്ടുവേല ചെയ്യുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത പ്രാഥമിക കണക്ക്. ചില ഉദ്യോഗസ്ഥരോടൊപ്പം 20 പേര്‍വരെയുണ്ട്. മുന്‍ ഡി.ജി.പി.മാരുടെയും എ.ഡി.ജി.പി.മാരുടെയും വീടുകളില്‍ ഇത്തരത്തില്‍ നാല്‍പ്പതോളം പേരുണ്ടെന്നാണ് പ്രാഥമികവിവരം.

അതത് സമയത്ത് സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഓരോരുത്തര്‍ക്കും അനുവദിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ ആരെയും അധികം നിര്‍ത്താന്‍പാടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്ബ് ഫോളോവേഴ്‌സിനെ നിര്‍ത്താന്‍ ഐ.ജി., ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കുമാത്രമേ അനുമതിയുള്ളൂ. ഇവരല്ലാതെ ആരും പോലീസുകാരെയോ ക്യാമ്ബ് ഫോളോവേഴ്സിനെയോ ഈവിധം ഉപയോഗിക്കാന്‍ പാടില്ല.

KCN

more recommended stories