എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള വായപാ തോത് വര്‍ധിപ്പിക്കണം: ജില്ലാ കളക്ടര്‍

കാസര്‍കോട് : ജില്ലയില്‍ എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വായ്പാ തോത് വര്‍ധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ. നിര്‍ദേശിച്ചു. ജില്ലാതല ബാങ്കിംഗ് വികസന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ വായ്പാ 10.28 ശതമാനത്തിന്റെ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളില്‍ വായ്പ വാങ്ങാന്‍ ആളില്ലാത്തതും, ബാങ്കുകളുടെ വിമുഖതയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.

ജില്ലയിലെ വാര്‍ഷിക വായ്പാ പദ്ധതി പ്രകാരം ബാങ്കുകള്‍ 111 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജില്ലാതല ബാങ്കിംഗ് വികസന അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതവും 81.61 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 76.10 ശതമാനമായിരുന്നു. എന്നാല്‍ നിക്ഷേപത്തില്‍ 2.95 ശതമാനത്തിന്റെ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ബാങ്കുകള്‍ കാര്യമായി വായ്പ അനുവദിച്ചതാണ് ഈ നേട്ടത്തിനു പിന്നില്‍. പ്രധാനപ്പെട്ട അഞ്ച് മേഖലയിലും നേട്ടം 100 ശതമാനം കടന്നു. കൃഷിമേഖലയില്‍ 105 ശതമാനവും, സൂക്ഷ-ചെറുകിട-ഇടത്തരം സംരംഭ മേഖലയില്‍ 106 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ഈ രണ്ട് മേഖലയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 10.62, 14.64 ശതമാനം വീതം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. വിളവായ്പയില്‍ 102, ചെറുകിട ജലസേചനം 57, ഭൂവികസനം 134, കൃഷിയിട യന്ത്രവത്കരണത്തിന് 99, എന്നിങ്ങനെ ശതമാനം നേട്ടം കൈവരിക്കാനായി. എന്നാല്‍ പാല്‍, കോഴിവളര്‍ത്തല്‍, മത്സ്യം ഇവയ്ക്കു മൂന്നിനുംകൂടി 50 ശതമാനത്തില്‍ താഴെ നേട്ടം മാത്രമേ കൈവരിക്കാനായുള്ളൂ.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയില്‍ മികച്ച നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചത്. ലക്ഷ്യമിട്ട 635.77 കോടി രൂപയായിരുന്നെങ്കിലും 645.68 കോടി രൂപുടെ നേട്ടമാണ് കൈവരിച്ചത്. സര്‍ക്കാര്‍ പദ്ധതികളായ തൊഴിലുറപ്പ്, മുദ്ര, തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ക്കാണ് കൂടുതലും വായ്പ നല്‍കിയിട്ടുള്ളത്.

പിഎംഎംവൈ-മുദ്ര വായ്പാ പദ്ധതി പ്രകാരം എസ്ബിഐ മാത്രം ശിശു, കിഷോര്‍, തരുണ്‍ പദ്ധതി പ്രകാരം 82 പേര്‍ക്ക് 253.57 ലക്ഷം രൂപ അനുവദിച്ചു. പൊതുമേഖലാ ബാങുകള്‍ 1258 പേര്‍ക്കായി 2773.86 ലക്ഷം രൂപയും സ്വകാര്യമേഖലാ ബാങ്കുകള്‍ 250 പേര്‍ക്കായി 670.20 ലക്ഷം രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് 144 പേര്‍ക്കായി 182.60 ലക്ഷം രൂപയുമാണ് മുദ്ര വായ്പാ പദ്ധതി പ്രകാരം അനുവദിച്ചത്.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ. ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് ബാങ്ക് റീജണല്‍ മാനേജര്‍ എന്‍.സുദര്‍ശനന്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍ബിഐ മാനേജര്‍ വി.ജയരാജു വാര്‍ഷിക വായ്പാ പദ്ധതി അവലോകനം നടത്തി. നബാര്‍ഡ് ഡിഡിഎം ജ്യോതിസ് ജഗന്നാഥ് മേഖലതിരിച്ചുള്ള അവലോകനവും നടത്തി. ജില്ലാ ലീഡ് മാനേജര്‍ സി.എസ്.രമണന്‍ സ്വാഗതവും ജില്ലാ ലീഡ് അസിസ്റ്റന്റ് മാനേജര്‍ പി.നാരായണ നന്ദിയും പറഞ്ഞു.

KCN

more recommended stories