ഗെയ്‌ലിന്റെ റോഡ് കയ്യേറിയുള്ള നിര്‍മ്മാണം തടയണം; മുസ്ലിം ലീഗ്

മുളിയാര്‍: ബേവിഞ്ച- എട്ടാംമൈല്‍ പൊതുമരാമത്ത് റോഡരികില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി ഗെയില്‍ പൈപ്പ് ലൈന്‍ ഗ്യാസ് പദ്ധതിക്കായി നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ നിര്‍ത്തിവെക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികളോടോ നാട്ടുകാരോടോ ആലോചന നടത്താതെ വളരെ വീതി കുറഞ്ഞ മേഖലയില്‍ റോഡ് തടസ്സപ്പെടുന്ന തരത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിക്ക് ഭരണകക്ഷി നേതാക്കളുടെയും, ജനപ്രതിനിധികളുടെയും ഒത്താശയുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. മൂന്ന് സെന്റ് ഭൂമിയുള്ള പാവപ്പെട്ടവരെ ചട്ടങ്ങളും, നിയമങ്ങളും ചൂണ്ടിക്കാട്ടി താമസത്തിന് കൂര പോലും പണിയാന്‍ അനുവദിക്കാത്ത അധികൃതര്‍ ഗെയ്‌ലിന് നേരെ കണ്ണടക്കുന്നത് ദുരൂഹമാണെന്നും, നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നുംപ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories