ദേശീയപാത വികസനം: ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അവയില്‍ എട്ടെണ്ണത്തിന്റെ ചുറ്റുമതില്‍ മാത്രമേ നഷ്ടപ്പെടുന്നുള്ളുവെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ വ്യക്തമാക്കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമര്‍പ്പിച്ച അലൈന്‍മെന്റില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൊതുവായ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത വികസനം നടപ്പിലാക്കുന്നതെന്നും ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് മുമ്പ് കണ്‍സള്‍ട്ടന്റുമാര്‍ വിദഗ്ധ പഠനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത നാലുവരി വികസനത്തിന് റോഡിന് ഇരുവശത്ത് നിന്നും ഒരേപോലെ ഭൂമി ഏറ്റെടുക്കാന്‍ എല്ലാ ഭാഗങ്ങളിലും സാധിച്ചിട്ടില്ലെന്നും എന്‍.എ നെല്ലിക്കുന്നിന്റെ മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി സുധാകരന്‍ മറുപടി നല്‍കി.
ദേശീയപാത 66ന്റെ വികസനത്തിനായി കഴിവതും രണ്ട് വശങ്ങളില്‍ നിന്നും തുല്യമായി ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
എന്നാല്‍ കാസര്‍കോട് ജില്ലയിലെ നിലവിലെ അലൈന്‍മെന്റില്‍ ബാധകമായിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഐ.ആര്‍.സി കോഡുകളും കണക്കിലെടുത്ത് ഡിസൈന്‍ സ്പീഡില്‍ രൂപകല്‍പന ചെയ്യുമ്പോള്‍ നിലവിലെ അലൈന്‍മെന്റില്‍ മധ്യരേഖയില്‍ നിന്നും 22.5 മീറ്റര്‍ വീതം രണ്ടുവരികളിലും നിജപ്പെടുത്തി അലൈന്‍മെന്റ് നിര്‍ണ്ണയിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ തുല്യമായി ഒരുപോലെ ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 377.83 ഹെക്ടര്‍ സ്ഥലമാണ് ആവശ്യമുള്ളത്. ഇതില്‍ 280.84 ഹെക്ടര്‍ (74.23 ശതമാനം) സ്ഥലവും സര്‍ക്കാര്‍ ഭൂമിയാണെന്നും മന്ത്രി വെളിപ്പെടുത്തി.

KCN