വായനാനുഭവങ്ങള്‍ കൊണ്ട് വീടൊരുക്കി കുണ്ടംകുഴിയിലെ കുട്ടികള്‍

കുണ്ടംകുഴി: മെടഞ്ഞ ഓലകൊണ്ടു നിര്‍മിച്ച വീട്, അതിനുള്ളില്‍ വിവിധ വര്‍ണങ്ങളില്‍ കുട്ടികള്‍ തയ്യാറാക്കിയ വായനാക്കുറിപ്പുകള്‍ അലങ്കാരങ്ങളായി ഞാന്നു കിടന്നു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ വീടൊരുക്കിയത്. തകഴി, ബഷീര്‍, കാരൂര്‍, ഹയ്യാറ കിഞ്ഞണ്ണ റായ്, മഞ്ചേശ്വര ഗോവിന്ദ പൈ തുടങ്ങി പഴയ എഴുത്തുകാര്‍ മുതല്‍ എം.ടി, സി.രാധാകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, ബെന്യാമിന്‍, അംബികാസുതന്‍ മാങ്ങാട്, ചെന്നവീര കണവി വരെയുള്ളവരുടെ കൃതികള്‍ വായിച്ച് അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളിലെ കുട്ടികള്‍ കുറിപ്പുകള്‍ തയ്യാറാക്കിയിരുന്നു. മലയാളം, കന്നട തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള ആയിരത്തോളം കുറിപ്പുകളാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയത്. അതോടൊപ്പം രണ്ടായിരത്തോളം പുസ്തകങ്ങളുടെ പ്രദര്‍ശനവും, ആസ്വാദന ചര്‍ച്ചയും നടന്നു. കൂടാതെ ക്വിസ് മത്സരം, രക്ഷിതാക്കള്‍ക്കുള്ള വായനാക്കുറിപ്പ് മത്സരം, അക്ഷരപ്പെട്ടി തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും പക്ഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എ.ദാമോദരന്‍ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.രഘുനാഥന്‍ അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ ടി.ഭരതരാജ്, പ്രധാനധ്യാപകന്‍ കെ.അശോക, സീനിയര്‍ അസിസ്റ്റന്റ് പി.ഹാഷിം, സ്റ്റാഫ് സെക്രട്ടറി കെ.അശോകന്‍, പി.കെ ജയരാജന്‍, സത്യനാരായണന്‍, കെ.ശാന്തകുമാരി, എസ്.എന്‍ പ്രകാശ്, സി.പ്രശാന്ത്, എം.കെ പ്രദീപന്‍, എ.ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീശകുമാര പഞ്ചിത്തടുക്ക, കണ്‍വീനര്‍ അനൂപ് പെരിയല്‍, ജോ.കണ്‍വീനര്‍ കെ.ജ്യോതിലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories