ജസ്‌നയുടെ തിരോധാനം: അന്വേഷണം തൃപ്തികരമല്ല; സി.ബി.ഐ അന്വേഷിക്കണം സഹോദരന്‍ ഹൈകോടതിയില്‍

കൊച്ചി: ജസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് സഹോദരന്‍ ജെയിസ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. സഹോദരനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ 15 അംഗ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കാഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രത്യേക സംഘം രൂപീകരിച്ചത്. സമൂഹ മാധ്യമത്തിലൂടെയും ജസ്‌നക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജയിംസിനെ (20) മാര്‍ച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വാട്‌സ്ആപും മൊബൈല്‍ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ജസ്‌ന എരുമേലി വരെ എത്തിയതായി മാത്രമാണ് ലഭിച്ച തെളിവ്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്.

കാണാതാകുന്ന ദിവസം സ്റ്റഡി ലീവായിരുന്നു ജസ്‌ന. രാവിലെ എട്ടുമണിയോടെ വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജയിംസ് ജോലി സ്ഥലത്തേക്കു പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്ബതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞ ശേഷം വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഓട്ടോയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് വിവരമൊന്നും ഇല്ല. അന്നു രാത്രി ഏഴരയോടെ പിതാവ് ജയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

KCN

more recommended stories