നിത്യാനന്ദ കോട്ടയുടെ കൊത്തളങ്ങള്‍ തകര്‍ന്നുവീണു

കാഞ്ഞങ്ങാട്: 30 ലക്ഷം രൂപ മുടക്കി പുതുക്കി പണിത നിത്യാനന്ദ കോട്ടയുടെ കൊത്തളങ്ങള്‍ കനത്ത മഴയില്‍ തകര്‍ന്നുവീണു.

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നിത്യാനന്ദ കോട്ടയെ നവീകരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനായി പുതുക്കി പണിത കൊത്തളമാണ് കനത്ത മഴയില്‍ ഇന്ന് രാവിലെ തകര്‍ന്നുവീണത്. പുതുക്കി നിര്‍മ്മിച്ച് ഒരുമാസം പോലും തികയുന്നതിന് മുമ്പേയാണ് കോട്ടയുടെ ഒരുഭാഗം തകര്‍ന്നുവീണത്. നിര്‍മ്മാണത്തിലെ അപാകതയാണ് ജില്ലാ ഹോമിയോ ആശുപത്രിയുടെ ഭാഗത്തുളള കോട്ടയുടെ കൊത്തളം തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് ആരോപണം.
പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കാട് മൂടിയും കൊത്തളങ്ങളും കോട്ടമതിലുകളും തകര്‍ന്നുവീണും നാശോന്മുഖമായ കോട്ട നവീകരിക്കാന്‍ പുരാവസ്തു വകുപ്പ് പ്രത്യേകം തുക അനുവദിച്ചത്. നേരത്തെ തകര്‍ന്നുവീണ ഭാഗമാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുതുക്കി പണിതത്.
ആറേകാല്‍ ഏക്കറോളം വിസ്തൃതിയുള്ള ഹൊസ്ദുര്‍ഗ് കോട്ടയുടെ നവീകരണത്തിന്റെ ഒന്നാംഘട്ടമായി 30.05 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തിയത്. ചെങ്കല്ലും സിമന്റും ചേര്‍ന്ന മിശ്രിതം കൊണ്ടായിരുന്നു തകര്‍ന്നുവീണ് കോട്ടയുടെ കൊത്തളങ്ങള്‍ പുതുക്കി പണിതത്.

KCN

more recommended stories