ബെംഗളൂരുവില്‍ ഇനി കാര്‍ വാങ്ങണമെങ്കില്‍ പാര്‍ക്കിങ്ങിന് സ്വന്തമായി സ്ഥലം വേണം

ബെംഗളൂരു: കാര്‍ വാങ്ങണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം തോന്നാറുണ്ട്. എങ്ങനെയും പണം കരുതി കാര്‍ വാങ്ങാന്‍ ചെന്നാലോ മറ്റു ചില നൂലാമാലകള്‍. ബെംഗളൂരുവില്‍ കാര്‍ വാങ്ങണമെങ്കില്‍ സ്ഥലം വേണമെന്ന് അധികൃതര്‍. കാര്‍ പാര്‍ക്കിങ്ങിന് സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് കാര്‍ അനുവദിച്ചു നല്‍കില്ല.

ബുധനാഴ്ച കര്‍ണാടക ഗതാഗത മന്ത്രി ഡി.സി തമ്മണ്ണയാണ് ഈ തീരുമാനം അറിയിച്ചത് . നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്കാണ് ഈ തീരുമാനത്തിന് പിന്നില്‍. പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്തവര്‍ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി കാല്‍നടക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഈ തീരുമാനം കൂടാതെ നഗരത്തില്‍ ഡീസല്‍ വാഹനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്. ഇതിന് പുറമെ വിദ്യാത്ഥികള്‍ക്കായി വാഗ്ദാനം ചെയ്ത സൗജന്യ ബസ് പാസ് നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപനം നടത്തുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

KCN