റിലീസ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ചിത്രീകരിച്ച് വില്‍പ്പന; കടയുടമ അറസ്റ്റില്‍

ഉദുമ : റിലീസ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ചിത്രീകരിച്ച് വില്‍പ്പന നടത്തിയ മൊബൈല്‍ഷോപ്പുടമയെ ബേക്കല്‍ എസ്ഐയും സംഘവും അറസ്റ്റ് ചെയ്തു. പള്ളിക്കര കല്ലിങ്കാലിലെ വണ്‍ടെച്ച് മൊബൈല്‍ ഷോപ്പുടമ തായത്തൊട്ടിയിലെ പി നൗഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഉള്‍പ്പെടെ വ്യാജ പകര്‍പ്പുകളാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിന് തൊട്ടു പിന്നാലെ തന്നെ ഇയാള്‍ മെമ്മറി കാര്‍ഡിലും, പെന്‍ഡ്രൈവുകളിലും മറ്റും പകര്‍ത്തി വന്‍ തുകകള്‍ക്ക് വില്‍പ്പന നടത്തുന്നത്. ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബേക്കല്‍ എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ മൊബൈല്‍ കടയില്‍ റെയ്ഡ് നടത്തിയത്.

സിനിമകള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും സിനിമ പകര്‍ത്താനുപയോഗിച്ച മറ്റ് ഉപകരണങ്ങളും പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത നൗഷാദിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ വ്യാപകമായി ഇറങ്ങുന്നത് സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും റിലീസ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

KCN

more recommended stories