വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്ഐ ദീപക്കിനെതിരെ മുന്‍ മജിസ്ട്രേറ്റിന്റെ മൊഴി

കൊച്ചി: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ എസ്ഐയ്ക്കെതിരെ വരാപ്പുഴ മുന്‍ മജിസ്ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് എസ്ഐ ദീപക്കിനുണ്ടെന്നാണ് മുന്‍ മജിസ്ട്രേറ്റ് എം സ്മിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരിയ്ക്കുന്നത്. പ്രതികളെ ഹാജരാക്കാതിരുന്നതിനാലാണ് റിമാന്‍ഡ് ചെയ്യാതിരുന്നതെന്നും മജിസ്ട്രേറ്റിന്റെ മൊഴിയില്‍ പറയുന്നു.

വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ എസ്ഐ ദീപക്കിനെതിരെ നിര്‍ണായക മൊഴിയാണ് മുന്‍ മജിസ്ട്രേറ്റ് എം സ്മിത നല്‍കിയിരിയ്ക്കുന്നത്. പ്രതികളെ മര്‍ദിക്കുന്നത് എസ്ഐ ദീപക്കിന്റെ അടിസ്ഥാന സ്വഭാവമാണ്. മുമ്ബും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.പ്രതികളെ മര്‍ദ്ദിക്കരുതെന്ന തന്റെ മുന്നറിയിപ്പ് എസ്ഐ അവഗണിക്കുകയാണ് ചെയ്തത്. സുപ്രിം കോടതി, ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളെ എസ്ഐ അവഗണിച്ചു. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യാനാവില്ലെന്ന് അന്ന് പൊലീസിനെ അറിയിച്ചിരുന്നു എന്നും മുന്‍ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തില്ല എന്നാരോപിച്ച് എസ്ഐ മജിസ്ട്രേറ്റിനെതിരെ എസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി ഹൈക്കോടതി പരിഗണിയ്ക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ വിജിലന്‍സ് മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തിയത്. ഈ കേസിലെ പരാതിയെ തുടര്‍ന്ന് മജിസ്ട്രേറ്റിനെ ചെറായിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. അതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

KCN