നവജീവന ഹൈ സ്‌ക്കൂളില്‍ ഇനി മുതല്‍ എല്ലാ ക്ലാസ്സിലും ലൈബ്രറി

ബദിയടുക്ക: ജില്ലയില്‍ ആദ്യമായി എല്ലാ ക്ലാസുകളിലും ലൈബ്രറി ഒരുക്കി മറ്റു സ്‌ക്കൂളുകള്‍ക്ക് മാതൃക ആവുകയാണ് ബദിയടുക്ക നവജീവന്‍ ഹൈസ്‌ക്കൂള്‍. സ്‌ക്കൂളിലെ 31 ക്ലാസ്സ് മുറികളില്‍ വിവിധ സാഹിത്യകാരന്മാര്‍, എഴുത്തുകാര്‍, കവികള്‍ എന്നിവരുടെ പേരുകളില്‍ ആണ് ക്ലാസ് ലൈബ്രറികള്‍ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളില്‍ വായനാശീലം വളര്‍ത്തി എടുക്കുന്നതിനു വേണ്ടി സ്‌ക്കൂളിലെ വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ഷാഫി ചൂരിപ്പള്ളം ചെയര്‍മാനും, വി.ഇ.ഉണ്ണി കൃഷ്ണന്‍ മാഷ് കോര്‍ഡിനേറ്റര്‍ ആയി ഉറവ് (chelume) എന്നപേരില്‍ വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നു. ഓരോ വര്‍ഷവും വേനലവധിക്ക് കുട്ടികള്‍ക്ക് വായന കിറ്റ് വിതരണം, സാഹിത്യ ക്യാമ്പ്, എഴുത്തുകാരുടെ സംവാദം തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.

സ്‌ക്കൂള്‍ അധ്യാപകരുടെയും, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും, രക്ഷിതാക്കളുടെയും, മറ്റു സുമനസ്സുകളുടെയും സഹകരത്തോടെയാണ് ക്ലാസ് റൂം ലൈബ്രറികള്‍ ഒരുക്കിയതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഷാഫി ചൂരിപ്പള്ളം പറഞ്ഞു. ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനം ബദിയടുക്ക ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ.എന്‍.കൃഷ്ണ ഭട്ട് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ശ്യാം ഭട്ട് അധ്യക്ഷത വഹിച്ചു. വായന വാരാചരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്യാമപ്രസാദ് മാന്യയും, ‘ഒരു കുട്ടി ഒരു പുസ്തകം’ എന്ന പദ്ധതി പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് മുനിയൂറും നിര്‍വ്വഹിച്ചു. ഉറവ് (chelume) സാംസ്‌ക്കാരിക വേദിയുടെ ഉദ്ഘാടനം റിട്ട. ഹെഡ്മാസ്റ്റര്‍ ശങ്കര്‍ സാറടുക്ക നിര്‍വ്വഹിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികളായ കുട്ടികള്‍ക്ക് കുമ്പള എ. ഇ. ഒ. കൈലാസ മൂര്‍ത്തി സമ്മാനങ്ങള്‍ നല്‍കി.

ബി.പി.ഒ. എന്‍.വി.കുഞ്ഞികൃഷ്ണന്‍, കെ.സുശീല എന്നിവര്‍ വായനദിന സന്ദേശം നല്‍കി. അധ്യാപക ലോകം സാഹിത്യ അവാര്‍ഡ് നേടിയ പദ്മനാഭന്‍ ബ്‌ളാത്തൂര്‍ നെ ചടങ്ങില്‍ വെച്ചു ആദരിച്ചു. പഞ്ചായത്ത് മെമ്പര്‍ എം. രാജേശ്വരി, പി.രാമചന്ദ്രന്‍, സുരേഖ, സലീം എടനീര്‍, പി.കെ.തങ്കമണി, എം.പി.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും വി.എം.കാര്‍ത്തിക നന്ദിയും പറഞ്ഞു.

 

KCN