റെയില്‍ പാളങ്ങളുടെ സുരക്ഷയ്ക്ക് ഇനി ഡ്രോണുകള്‍, ഇന്ത്യന്‍ റെയില്‍വേയില്‍ പുത്തന്‍ പരീക്ഷണം

ന്യൂഡല്‍ഹി: റെയില്‍പാതകളുടെ നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐഐടിയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ഡ്രോണുകള്‍ വികസിപ്പിച്ചത്. ഉത്തരാഖണ്ഡ് നഗരത്തില്‍ ഡ്രോണുകളുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേഷണങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടെലികോം രംഗത്തെ പൊതു-സ്വകാര്യ സംരംഭമായ ടെലികോം സെന്റേഴ്സ് ഓഫ് എക്സലന്‍സിന് (ടിസിഓഇ) കീഴില്‍ റെയില്‍വേയുടെ ബ്രോഡ്ബാന്റ് സേവന വിഭാഗമായ റെയില്‍ടെല്‍ കോര്‍പറേഷനും ഐഐടി റൂര്‍കിയും വികസിപ്പിക്കുന്ന ഡ്രോണുകള്‍ വഴി യന്ത്രങ്ങളുടെ സഹായത്തോടെയുള്ള റെയില്‍പാത പരിശോധനകള്‍ സാധ്യമാവും.

ട്രാക്ക് പരിശോധനയ്ക്കായി ജീവനക്കാര്‍ റെയില്‍ പാളം മുഴുവന്‍ നടന്ന് പരിശോധന നടത്തുന്ന രീതിയാണ് ഇപ്പോഴും റെയില്‍വേ തുടര്‍ന്നുപോരുന്നത്. ഈ പരമ്ബരാഗത രീതിയെ ഭാവിയില്‍ പൂര്‍ണമായും യന്ത്രവത്കരിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതും ജീവനക്കാരില്‍ നിന്നുണ്ടാകുന്ന അശ്രദ്ധയുമാണ് പല തീവണ്ടി അപകടങ്ങളുടെയും കാരണം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഡ്രോണുകള്‍ ഉപയോഗിച്ചുള്ള റെയില്‍ പാത പരിശോധന പിഴവുകളുണ്ടാകുന്നത് ലഘൂകരിക്കാന്‍ സാഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെയില്‍ പാതാ പരിശോധനകള്‍ക്ക് പുറമെ റെയില്‍ വേ പദ്ധതികളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിശോധന, രക്ഷാപ്രവര്‍ത്തനം, പരിചരണം എന്നീ മേഖലകളിലും ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഈ രംഗങ്ങളിലും ഡ്രോണുകള്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. റെയില്‍ പാതകളുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയാണ് റെയില്‍ പാളങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ റെയില്‍ ട്രാക്കുകള്‍ തമ്മിലുള്ള അകലമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധിച്ചത്. താമസിയാതെ പാളങ്ങളുടെ മറ്റ് ഭാഗങ്ങളും ഡ്രോണ്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ഐഐടി റൂര്‍ക്കിയിലെ അധ്യാപകനും ഈ പദ്ധതിയുടെ കോര്‍ഡിനേറ്ററുമായ ധര്‍മേന്ദ്ര സിങ് പറഞ്ഞു.

നിര്‍മിതബുദ്ധി, ബിഗ് ഡേറ്റ എന്നീ സാങ്കേതിക സംവിധാനങ്ങളുടെ സാഹായത്തോടെ ട്രാക്കുകളിലെ പിഴവുകള്‍ മുന്‍കൂട്ടി അറിയാനും പരിശോധനകള്‍ നടത്താനും സാധ്യമാക്കുന്ന ഡ്രോണുകള്‍ വികസിപ്പിക്കാനാണ് റൂര്‍ക്കി ഐഐടിയുടെ അടുത്ത ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ റെയില്‍ ശൃംഖലയാണ ഇന്ത്യന്‍ റെയില്‍വേയുടെത്. എന്നാല്‍ സുരക്ഷയുടെയും കാലാനുസൃതമനായ സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തില്‍ ഇന്ത്യയിലെ മറ്റ് മേഖലകളിലേത് പോലെ തന്നെ ഇന്ത്യന്‍ റെയില്‍വേയും വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

KCN

more recommended stories