സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്ലാ ക്ലാസിലും കൂടുതല്‍ കുട്ടികള്‍, മലപ്പുറത്ത് 49.7 ശതമാനം വര്‍ധന

തിരുവനന്തപുരം : ഈ അധ്യയനവര്‍ഷത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുടെ വര്‍ധന രേഖപ്പെടുത്തിയത് മലപ്പുറത്ത് (32,964). പൊതുവിദ്യാലയങ്ങളില്‍ ആകെ പുതുതായെത്തിയത് 1,85,971 വിദ്യാര്‍ഥികള്‍. മുന്‍വര്‍ഷത്തേക്കാള്‍ 32,349 വിദ്യാര്‍ഥികള്‍ കൂടുതല്‍.

25 വര്‍ഷത്തില്‍ ആദ്യമായാണ് പൊതുവിദ്യാലയങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ വിദ്യാര്‍ഥികള്‍ കൂടുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എല്ലാ ക്ലാസുകളിലും വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ എല്ലാ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ കുറഞ്ഞു. എയ്ഡഡ് സ്‌കൂളുകളില്‍ പത്താം ക്ലാസിലൊഴികെ എല്ലാ ക്ലാസുകളിലും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.

മലപ്പുറത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് കോഴിക്കോട് (20043), പാലക്കാട് (12197), കണ്ണൂര്‍ (16802), കൊല്ലം (16720), തിരുവനന്തപുരം (15777) ജില്ലകളിലാണ്.

ഒന്നാം ക്ലാസില്‍മാത്രം ഈ വര്‍ഷം 10,078 കുട്ടികള്‍ പുതുതായെത്തി. എല്ലാ ജില്ലകളിലും ഒന്നാം ക്ലാസില്‍ കൂടുതല്‍ കുട്ടികളെത്തി. ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്, 5009 കുട്ടികള്‍. മുന്‍വര്‍ഷത്തേക്കാള്‍ 49.7%. സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെത്തിയത് അഞ്ചാം ക്ലാസ്സിലാണ്, 45702പേര്‍. മുന്‍വര്‍ഷത്തേക്കാള്‍ 24.57 ശതമാനം കൂടുതല്‍. എട്ടാം ക്ലാസില്‍ കൂടുതലായെത്തിയത് 37,724 കുട്ടികളാണ്. 20.28 ശതമാനം വര്‍ധന.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി സംസ്ഥാനത്ത് മൊത്തം 36.81 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 37.04 ലക്ഷമായി വര്‍ധിച്ചു.

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ജില്ലാവിവരം: മലപ്പുറം (6.2 ലക്ഷം), കോഴിക്കോട് (3.6), പാലക്കാട് (3.1), കണ്ണൂര്‍ (2.8), തൃശൂര്‍ (2.8), കൊല്ലം (2.2), തിരുവനന്തപുരം (2.5), എറണാകുളം (2.2), ആലപ്പുഴ (1.6), കാസര്‍കോട് (1.5), കോട്ടയം (1.4), വയനാട് (1.0), ഇടുക്കി (0.9), പത്തനംതിട്ട (0.76).

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 6.3 ശതമാനവും എയ്ഡഡ് മേഖലയില്‍ 5.4 ശതമാനവും വര്‍ധിച്ചപ്പോള്‍ അണ്‍എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനം വിദ്യാര്‍ഥികള്‍ കുറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

KCN