സൗദി നിരത്തുകള്‍ കീഴടക്കാന്‍ നാളെ മുതല്‍ വനിതകളും

റിയാദ്: കാലങ്ങളായുള്ള നിരോധനം മറികടന്ന് നാളെ മുതല്‍ സൗദി അറേബ്യയിലെ നിരത്തുകളില്‍ വനിതാ ഡ്രൈവര്‍മാര്‍ വളയം പിടിക്കാനിറങ്ങും. ഏതാണ്ട് ആയിരക്കണക്കിന് വനിതാ ഡ്രൈവര്‍മാരാണ് ചരിത്ര നീക്കത്തിലേക്ക് ഞായറാഴ്ച മുതല്‍ വണ്ടിയോടിക്കുന്നത്. ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം നേരത്ത തന്നെ ആരംഭിച്ചിരുന്നു.

ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ രാജ്യത്ത് വാഹനം ഓടിക്കുന്നതിന് വനിതള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍ സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തീരുമാനിച്ചത്. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ഈ നിയമം ഇനി തുടരേണ്ടതില്ലെന്ന് ഉന്നത സഭയിലെ ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടതോടെയാണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. തീരുമാനം നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് ആഭ്യന്തര, ധന, തൊഴില്‍, സാമൂഹ്യകാര്യ വകുപ്പുകളെ ഉള്‍പ്പെടുത്തി ഉന്നതസമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡ്രൈവിഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് അന്തിമരൂപം നല്‍കിയത്. പുതിയ നിര്‍ദ്ദേശം അനുസരിച്ച് വനിതകള്‍ക്ക് പുരുഷനായ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിയും.

KCN

more recommended stories