കെഎസ്ആര്‍ടിസി വൈദ്യുതിയില്‍ ഓടുന്ന പരിസ്ഥിതി സൗഹൃദ ബസ് നിരത്തിലിറങ്ങി

കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയെ ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വൈദ്യുത ബസ് അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം തീരെ കുറവാണ് എന്ന പ്രത്യേകത കൂടി ഉണ്ട്. 35 സീറ്റാണ് ബസിലുള്ളത്. എസി ലോ ഫ്‌ളോര്‍ ബസിന്റെ യാത്രനിരക്കാണ് ബസിനുള്ളത്.

ആദ്യ ദിവസം വൈറ്റിലയില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് ബസ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ബസ് എത്തും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറില്‍ അകത്തു കയറാവുന്ന രീതിയിലാണ് ക്രമീകരണം. റോഡിലെ കുഴികള്‍ക്കനുസരിച്ച് ബസിന്റെ ഉയരം ക്രമീകരിക്കാവുന്ന സംവിധാനവുമുണ്ട്. പരിസ്ഥിതി സൗഹൃദ ബസുകള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡ് സ്റ്റോണ്‍ എന്ന കമ്ബനിയാണ് ബെസ് നിര്‍മ്മിച്ചിരിക്കുന്നത്.

ബസിന്റെ ഡ്രൈവറെ കമ്ബനി നല്‍കുമ്‌ബോള്‍ കണ്ടക്ടറെ നിയമിച്ചിരിക്കുന്നത് കെഎസ്ആര്‍ടിസിയാണ്. ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ ദൂരം ബസ് സഞ്ചരിക്കും. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ആകും. ഇതുപയോഗിച്ച് 350 കിലോമീറ്റര്‍ വരെ ബസ് ഓടും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗതയുണ്ടെങ്കിലും ഇത് 80 കിലോമീറ്ററായി ക്രമീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റിംഗാണ് ബസിനുള്ളത്. 2.5 കോടി ചെലവു വരുന്ന ബസിന് പ്രവര്‍ത്തന ചെലവ് തീരെ കുറവാണ്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ അഞ്ചു ദിവസത്തെ പരീക്ഷണ ഓട്ടമാണ് വൈദ്യുത ബസ് നടത്തുന്നത്.

KCN