മരിച്ചവരുടെ പട്ടികയിലും അച്ഛന്റെ പേരില്ല; മോഹന്‍ലാലില്‍ പ്രതീക്ഷ: ഷമ്മി തിലകന്‍

കൊച്ചി : മരണാനന്തരമായിട്ടെങ്കിലും നടന്‍ തിലകനെതിരെ എടുത്ത നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് താരസംഘടന അമ്മയ്ക്ക് മകന്‍ ഷമ്മി തിലകന്റെ കത്ത്. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണു ഷമ്മി കത്ത് നല്‍കിയത്. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന തന്റെ പിതാവിനെ, അന്തരിച്ച നടന്മാരുടെ പട്ടികയില്‍നിന്നു പോലും ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും കത്തില്‍ പറയുന്നു. നടന്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്ത സംഭവത്തില്‍ തന്റെ പിന്തുണ നടിമാര്‍ക്കാണെന്നും ഷമ്മി വ്യക്തമാക്കി.

യാതൊരു വിശദീകരണവും കേള്‍ക്കാതെയാണു തിലകനെ സംഘടന പുറത്താക്കിയതും വിലക്കിയതുമെന്നു മകള്‍ ഡോ. സോണിയ തിലകന്‍ ആരോപിച്ചിരുന്നു. വിലക്കിനെത്തുടര്‍ന്നു തിലകന്‍ മോഹന്‍ലാലിന് അയച്ച കത്തും അവര്‍ പുറത്തുവിട്ടു. അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍. സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ അദ്ദേഹം മോനേ എന്ന് വിളിച്ചിട്ടുള്ളത് മോഹന്‍ലാലിനെയാണെന്നും സോണിയ പറഞ്ഞു. ഇതിനു പിന്നാലെയാണു അമ്മയെ സമ്മര്‍ദത്തിലാക്കി ഷമ്മി തിലകന്‍ കത്തയച്ചിരിക്കുന്നത്.

KCN

more recommended stories