മഹാദൗത്യം പൂര്‍ത്തിയായി: ഗുഹയിലെ എല്ലാവരെയും രക്ഷപ്പെടുത്തി

ചിയാങ്‌റായ് (തായ്ലന്‍ഡ്): ലോകം ഒരു മനസോടെ കൈകോര്‍ത്ത രക്ഷാദൗത്യത്തിന് ശുഭാന്ത്യം. തായ്ലന്‍ഡിലെ താംലുവാങ് ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും ഫുട്ബാള്‍ കോച്ചിനെയും ചൊവ്വാഴ്ച ജീവിതത്തിലേക്കു തിരിച്ചെത്തിച്ചു. 18 ദിവസത്തെ ആശങ്കക്കും മൂന്നു ദിവസമായി നടത്തിയ അതിസാഹസിക രക്ഷാ ദൗത്യത്തിനും ഇതോടെ സമാപനം. മൂന്നാം ദിവസത്തെ ദൗത്യത്തോടെയാണ് 13 പേരെയും രക്ഷപ്പെടുത്തിയത്. ഗുഹയില്‍ കുടുങ്ങിയ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്തെത്തിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസം രാവിലെ പ്രാദേശിക സമയം 10.30 ഓടെയാണ് മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം പ്രവര്‍ത്തനം തുടങ്ങിയത്. സമീപകാലത്തു ലോകം കണ്ട ദുഷ്‌കരദൗത്യമാണ് വൈകുന്നേരത്തോടെ വിജയത്തിലെത്തിയത്. കുട്ടികളില്‍ ആര്‍ക്കും ഒരു പോറലുമേല്‍ക്കാത്ത ദൗത്യത്തിന്റെ വിജയം, ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടു.

12 ‘വൈല്‍ഡ് ബോയ്‌സി’നെയും ‘ കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി തായ്‌ലന്‍ഡ് നേവി സീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുട്ടികളുടെ ഫുട്ബാള്‍ ടീമിന്റെ പേരാണ് വൈല്‍ഡ് ബോയ്‌സ്’. ഹുയ്യാ…എന്ന ആരവത്തോടെയാണ് ഈ വിജയത്തെ വിശേഷിപ്പിച്ചത്.രക്ഷപ്പെട്ട കുട്ടികള്‍ എല്ലാവരും ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും. 11നും 16നും വയസ്സിനിടയിലുള്ളവരാണ് കുട്ടികള്‍. 25കാരനാണ് കോച്ച് ഇകപോള്‍ ചാന്‍ടവോങ് (അകീ). 16 വയസ്സില്‍ താഴെയുള്ള ഫുട്ബാള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജൂണ്‍ 23നാണ് ഗുഹയില്‍ കുടുങ്ങിയത്. തായ്ലന്‍ഡില്‍ മാത്രമല്ല ലോകം മുഴുവന്‍ ഈ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. രക്ഷാപ്രവര്‍ത്തനം ശ്വാസമടക്കിപിടിച്ചാണ് എല്ലാവരും നോക്കിയത്.

കൃത്യമായ കണക്കുകൂട്ടലുകളോടെ കഴിഞ്ഞ ഞായറാഴ്ചയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. വിദേശത്തുനിന്നുള്ള സ്‌കൂബാ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ്ലന്‍ഡ് നാവികസേനാംഗങ്ങളുമടക്കം 18 അംഗ സംഘമാണ് ചരിത്രനേട്ടത്തിന് നേതൃത്വം നല്‍കിയത്. പ്രതികൂല കാലാവസ്ഥയെയും ഗുഹക്കുള്ളിലെ ശക്തമായ അടിയൊഴുക്കിനെയും വകഞ്ഞുമാറ്റിയാണ് അവര്‍ കുട്ടികള്‍ക്കും കോച്ചിനും ജീവന്റെ കൈത്താങ്ങായത്. ഗുഹക്ക് പുറത്ത് ലോകം കണ്ണും കാതും തുറന്ന് 18 ദിവസങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ ആംബുലന്‍സില്‍ ഹെലിപാഡിലേക്ക്. അവിടെ തയാറായി നിന്ന ഹെലികോപ്ടറില്‍ 60 കി.മീറ്റര്‍ അകലെ ചിയാങ്‌റായ് ആശുപത്രിയിലേക്ക്. ഒടുവില്‍ ആഹ്ലാദം പങ്കിട്ടാണ് എല്ലാവരും ഗുഹമുഖത്തു നിന്ന് മടങ്ങിയത്.

ഉത്തര തായ്ലന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ചിയാങ്‌റായ് വനമേഖലയില്‍ ദോയി നാങ് നോണ്‍ പര്‍വതത്തിനു താഴെയാണ് പ്രകൃതിദത്തമായ താം ലുവാങ് ഗുഹ. വിനോദസഞ്ചാര മേഖലയാണിത്. ജൂണ്‍ 23 ന് ഫുട്ബാള്‍ പരിശീലനത്തിനു ശേഷം 12 കുട്ടികളും കോച്ച് ഇകപോള്‍ ചാന്‍ടവോങ്ങും (അകീ) ഗുഹയിലേക്ക് കയറി. അതിനിടെയാണ് പെരുമഴ തുടങ്ങിയത്. മലവെള്ളപാച്ചിലില്‍ ഗുഹാകവാടം വെള്ളവും ചളിയും നിറഞ്ഞ് മൂടാന്‍ അധികം സമയം വേണ്ടിവന്നില്ല. വെളിച്ചം മറഞ്ഞ് ഇരുട്ട് മൂടി.

ഗുഹക്കുള്ളില്‍ അകപ്പെട്ടവര്‍ രക്ഷാമാര്‍ഗം തേടി പിന്നോട്ട് വലിഞ്ഞു. ഗുഹക്ക് നാലു കി.മീറ്റര്‍ ഉള്ളില്‍ കുട്ടികളും കോച്ചും അങ്ങനെയാണ് അകപ്പെട്ടത്. മഴ തിമിര്‍ത്തു. രാത്രിയായിട്ടും മകന്‍ വീട്ടില്‍ എത്താത്തതിനാല്‍ ഒരു കുട്ടിയുടെ അമ്മ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂ തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ്‌റായ് വനം റേഞ്ചര്‍ വിവരമറിയിച്ചപ്പോഴാണ് സംശയമുണര്‍ന്നത്. കുട്ടികള്‍ ജീവനോടെയുണ്ടോ എന്ന തിരച്ചിലിന് മാത്രം ഒമ്ബതു ദിവസമെടുത്തു. യു.എസ്, ചൈന, റഷ്യ, ബ്രിട്ടന്‍, ആസ്‌ട്രേലിയ, ജപ്പാന്‍, ലാവോസ്, മ്യാന്മര്‍, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി, യുക്രെയ്ന്‍, ഇസ്രായേല്‍ തുടങ്ങി നാനാഭാഗത്തു നിന്നും രക്ഷാകരങ്ങള്‍ അങ്ങോട്ട് നീണ്ടു.

KCN

more recommended stories