ഫൈനല്‍ ലക്ഷ്യം വെച്ച് ഇന്ന് ഇംഗ്ലണ്ട് – ക്രോയേഷ്യ പോരാട്ടം

ലോകകപിലെ രണ്ടാമത്തെ സെമി ഫൈനല്‍ ഇന്ന്. ഫൈനല്‍ ലക്ഷ്യമിട്ട് കൊണ്ട് ഇംഗ്ലണ്ട് ക്രൊയേഷ്യയെ ആണ് നേരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആണ് മത്സരം നടക്കുക.

തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള കെയ്ന്‍ നയിക്കുന്ന മുന്നേറ്റ നിരയിലാണ് ഇംഗ്‌ളണ്ടിന്റെ പ്രതീക്ഷകള്‍. ലോകകപ്പിലെ പെനാല്‍റ്റി ഷൂട്ടൗട്ട് നിര്ഭാഗ്യത്തെ പ്രീക്വാര്‍ട്ടറിലും കരുത്തരായ സ്വീഡനെ ക്വാര്‍ട്ടറിലും മറികടന്നാണ് ഇംഗ്ലണ്ട് സെമിയില്‍ എത്തിയിരിക്കുന്നത്. പരിക്ക് ഒന്നും അലട്ടുന്നില്ല എന്നത് ഇംഗ്ലണ്ടിന് ഗുണം ചെയ്യും. സ്വീഡനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമിയില്‍ എത്തിയത്.

മധ്യനിരയുടെ കരുത്തുമായാണ് ക്രൊയേഷ്യ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സെമി ഫൈനലിന് ഇറങ്ങുന്നത്. മോഡ്രിചും റാകിട്ടിച്ചും മികച്ച ഫോമിലാണ് എന്നുള്ളത് ടീമിന് ഗുണം ചെയ്യും. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരങ്ങള്‍ക്ക് ശേഷമാണ് ക്രൊയേഷ്യ എത്തുന്നത്, കളിക്കാര്‍ ക്ഷീണിതരാണ് എന്നത് ഡാലിചിന് തലവേദന സൃഷ്ടിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ മറികടന്നാണ് ക്രോയേഷ്യ സെമി ഉറപ്പിച്ചത്.

ഇന്നലെ ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ആവും ഇന്നത്തെ വിജയികളെ ഫൈനലില്‍ കാത്തിരിക്കുന്നത്.

KCN

more recommended stories