രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസും

കണ്ണൂര്‍ : വിവാദത്തിനൊടുവില്‍ രാമായണ മാസാചരണം കോണ്‍ഗ്രസ് ഉപേക്ഷിച്ചപ്പോള്‍, രക്ഷാബന്ധന്‍ പ്രചാരണവുമായി യൂത്ത് കോണ്‍ഗ്രസ്. ആര്‍എസ്എസ് വര്‍ഗീയതയ്‌ക്കെതിരെ ദേശരക്ഷാബന്ധന്‍ എന്ന പേരിലാണു പ്രചാരണം. ആര്‍എസ്എസിന്റേതു കാവിനിറത്തിലുള്ള രാഖിയാണെങ്കില്‍ ദേശീയപതാകയുടെ നിറങ്ങളില്‍ മൂവര്‍ണരാഖിയാണു യൂത്ത് കോണ്‍ഗ്രസ് കെട്ടുന്നത്.

കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടേതാണു ത്രിവര്‍ണ രക്ഷാബന്ധന്‍ എന്ന ആശയം. തുടക്കമായി 1000 രാഖി തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടമ്പൂര്‍ കമ്മിറ്റിയെ അനുകരിച്ചു ജില്ലയിലെ മറ്റു ചില മണ്ഡലം കമ്മിറ്റികളും ദേശരക്ഷാബന്ധന്‍ ആചരിക്കാനുള്ള ഒരുക്കത്തിലാണ്. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളെ സാക്ഷിയാക്കിയാണു രാഖി കെട്ടുക. ഇതോടനുബന്ധിച്ച് എല്ലാ മതവിഭാഗങ്ങളിലെയും നേതാക്കളെയും പണ്ഡിതരെയും പങ്കെടുപ്പിച്ചു ദേശരക്ഷാബന്ധന്‍ ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നു തുടക്കം കുറിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയായി നടത്താനാണ് ആലോചന.
അതേസമയം, ആര്‍എസ്എസിന്റെ കടന്നുകയറ്റം കൂടുതലുള്ള പ്രദേശങ്ങളില്‍ ദേശരക്ഷാബന്ധന്‍ ക്യാംപെയ്ന്‍ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇതു സംഘടനയുടെ പൊതുപരിപാടിയായി ഏറ്റെടുത്തിട്ടില്ലെന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

KCN

more recommended stories