ചിത്താരി കെ എസ് ഇ ബി ഉദ്യോഗസ്ഥ അലംഭാവം; ഐ എന്‍ എല്‍ പരാതി നല്‍കി

ചിത്താരി : കാലവര്‍ഷം ശക്തമായപ്പോള്‍ ചിത്താരി സെക്ഷന്‍ ഓഫീസിനു കീഴില്‍ വൈധ്യുതി നിലയ്ക്കുന്നത് പതിവ് കാഴ്ചയായി. പക്ഷെ ഇതുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ അറിയാനായി ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും ഡിസ്‌കണക്ട് ചെയ്യുന്നതും ഒരുമിച്ചാണെന്നാണ് നാട്ടുകാരുടെ പരാതി. ഉപഭോക്താക്കളുടെ ഫോണ്‍ കൃത്യമായി എടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അറിയുകയും വേണ്ടി വന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളുടെ പരാതി കേള്‍ക്കാനുള്ള സന്മനസ്സു പോലും കാണിക്കാറില്ല എന്നതാണ് വാസ്തവം. എന്ത് കൊണ്ടാണ് വൈധ്യുതി ഇല്ലാത്തതു എന്നും, എപ്പോള്‍ വരുമെന്നുമുള്ള കാര്യങ്ങള്‍ അറിയാനായി വിളിച്ചാല്‍ വരുമ്പോള്‍ വരും, നിങ്ങള്‍ അറിയേണ്ട കാര്യമില്ല എന്ന ധിക്കാരപരമായ മറുപടി വരെ പലര്‍ക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സെക്ഷന് കീഴിലുള്ള വീടുകളിലെ ഭൂരിഭാഗം കുടുംബ നാഥന്മാരും പ്രവാസികളാണ്. അത് കൊണ്ട് തന്നെ കാര്യങ്ങള്‍ അറിയാനായി വിളിക്കുന്ന വീട്ടമ്മമാരെ ടെക്‌നിക്കല്‍ വാക്കുകള്‍ പറഞ്ഞു കൊണ്ട് ഇളിഭ്യരാക്കുന്നതായും പരാതി ഉണ്ട്.

ചിത്താരി കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കു പരാതി നല്‍കി. ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിന്റെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പു വരുത്തണമെന്നും, അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പരാതിയില്‍ ഉന്നയിച്ചു. ഐ എന്‍ എല്‍ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി, ചിത്താരി ശാഖാ സെക്രട്ടറി എ കെ അബ്ദുല്‍ ഖാദര്‍, ഐ എം സി സി നേതാക്കളായ ഫസല്‍ ചിത്താരി, ശിഹാബ് ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories