കാലവര്‍ഷം: കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു, സംസ്ഥാന മന്ത്രിമാര്‍ക്ക് വിമര്‍ശനം

ആലപ്പുഴ: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ളസംഘംവിവിധ ജില്ലകളില്‍ സന്ദര്‍ശനം തുടരുന്നു. രാവിലെ 9.12ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിയുംസംഘവും ഹെലികോപ്ടര്‍ മാര്‍ഗം ആലപ്പുഴയിലെ കോമളപുരത്തെത്തി. അവിടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിയുടെ കെട്ടഴിച്ച് ജനങ്ങളും മന്ത്രിക്ക് മുന്നിലെത്തി. പിന്നാലെ കുട്ടനാട് മേഖലയിലെ കുപ്പപ്പുറത്തേക്ക് പോയി. അവിടെയും മന്ത്രി ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കോട്ടയം ജില്ലയിലെ ചെങ്ങളം, ഇറഞ്ഞാല്‍ പ്രദേശങ്ങളും മന്ത്രി സന്ദര്‍ശിക്കും. എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ദുരന്ത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക.

കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് റിജിജു പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാലവര്‍ഷം നാശം വിതച്ചിട്ടും സംസ്ഥാനത്തെ മന്ത്രിമാരോ ജനപ്രതിനിധികളോ ദുരിതബാധിതരെ കാണാനെത്താതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രളയമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും ആലപ്പുഴ ജില്ലയിലെ മൂന്ന് മന്ത്രിമാരില്‍ ഒരാള്‍ പോലും കുട്ടനാട് സന്ദര്‍ശിച്ചില്ല. ഇന്ന് കേന്ദ്രമന്ത്രിക്കൊപ്പമാണ് മന്ത്രി ജി.സുധാകരനും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും അടക്കമുള്ള മന്ത്രിമാര്‍ ദുരിതബാധിതരെ കാണാനെത്തിയത്. കൂടുതല്‍ നാശമുണ്ടായത് കുട്ടനാട്ടിലാണെങ്കിലും കുട്ടനാട്ടുകാരനായ എം.എല്‍.എ തോമസ് ചാണ്ടിയും പ്രദേശം സന്ദര്‍ശിച്ചില്ല. മന്ത്രിമാര്‍ ദുരിതപ്രദേശം സന്ദര്‍ശിക്കാന്‍ തയ്യാറാകാത്തതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മന്ത്രിമാരുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ മന്ത്രി സുധാകരന്‍ തള്ളി. ദുരിതബാധിതര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ തന്നെ ദുരിതബാധിതരെ പല ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യസഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. ബോട്ടുകളിലും തോണികളിലുമായി ക്യാമ്പുകളില്‍ ഭക്ഷണം എത്തിച്ചിട്ടുണ്ട്. പ്രളയപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനെക്കാളുപരി ദുരിതബാധിതര്‍ക്ക് ആവശ്യമായ വൈദ്യ, ഭക്ഷ്യ സഹായങ്ങള്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് എം.എല്‍.എ എന്ന നിലയില്‍ താന്‍ ആദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories