വംശീയ വിവാദങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ആഴ്സനല്‍ നായക സ്ഥാനത്ത് ഓസില്‍; മഞ്ഞക്കാര്‍ഡില്‍ ഓട്ടോഗ്രാഫ് വാങ്ങിച്ച് റഫറി

മത്സരത്തിന് മുന്‍പെ മഞ്ഞക്കാര്‍ഡ് കണ്ട് ഞെട്ടി ഓസില്‍! എന്നാല്‍ ആ മഞ്ഞക്കാര്‍ഡ് താക്കീതായിരുന്നില്ല, മറിച്ച് ആദരവായിരുന്നു. കഴിഞ്ഞദിവസം നടന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ പിഎസ്ജി-ആഴ്സണല്‍ പോരാട്ടത്തിന് മുന്‍പാണ് സംഭവം.

സാധാരണ മത്സരത്തിനിടയിലാണ് ഫൗള്‍ ചെയ്ത താരങ്ങള്‍ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുന്നത്. എന്നാല്‍ മത്സരം തുടങ്ങും മുന്‍പെ മഞ്ഞക്കാര്‍ഡുമായി റഫറി ഓസിലിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നു. ആ മഞ്ഞക്കാര്‍ഡില്‍ ഒരു ഓട്ടോഗ്രാഫ് വാങ്ങാനാണ് റഫറിയെത്തിയത്. മത്സരം തുടങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മഞ്ഞക്കാര്‍ഡുമായി റഫറിയെത്തിയത്. മത്സരത്തിനായി പോക്കറ്റില്‍ കരുതിയിരുന്ന മഞ്ഞക്കാര്‍ഡിലാണ് റഫറി ഓട്ടോഗ്രാഫ് ചോദിച്ചത്. ആദ്യം ഒന്നമ്ബരന്നെങ്കിലും പേനയെടുത്ത് ഓസില്‍ ഓട്ടോഗ്രാഫ് നല്‍കി. മത്സരത്തില്‍ 5-1ന് ആഴ്സണല്‍ പിഎസ്ജിയെ തകര്‍ത്തു. ആദ്യഗോള്‍ ഓസിലിന്റെ വകയായിരുന്നു.

വംശീയവിവാദങ്ങള്‍ക്ക് ഓസില്‍ നല്‍കിയ ചുട്ടമറുപടിയെന്നാണ് ഗോളിനെ ആരാധകര്‍ വിശേഷിപ്പിച്ചത്. ലോകകപ്പിലെ അമ്ബരപ്പിക്കുന്ന തോല്‍വിക്ക് പിന്നാലെ തുര്‍ക്കി വംശജനായതിന്റെ പേരില്‍ ജര്‍മനിയില്‍ ഓസില്‍ വലിയ രീതിയിലുള്ള വംശീയാധിക്ഷേപം നേരിട്ടിരുന്നു. ഇതില്‍ മനംനൊന്ത് ഓസില്‍ ദേശീയടീമില്‍ നിന്ന് വിരമിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആഴ്സണലിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്താണ് കഴിഞ്ഞദിവസം ഓസില്‍ കളത്തിലിറങ്ങിയതും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതും.

KCN

more recommended stories