ട്രായ് ചെയര്‍മാന് തലവേദനയായി ഹാക്കര്‍മാര്‍, അക്കൗണ്ടില്‍ ഒരു രൂപ വീതം നിക്ഷേപിക്കുന്നു

ബംഗളൂരു: ആധാര്‍ നമ്ബര്‍ പരസ്യപ്പെടുത്തി വെല്ലുവിളിച്ച് ഹാക്ക് ചെയ്യപ്പെട്ട ടെലികോം ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ്മയ്ക്ക് ഹാക്കാര്‍മാരുടെ മറ്റൊരു പണി. ശര്‍മ്മയുടെ ആധാറുമായി ബന്ധപ്പെടുത്തിയ ഭീം ആപ്പ്, പേ.ടി.എം തുടങ്ങിയ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ ഐ.എം.പി.എസ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഒരു രൂപ വീതം നിക്ഷേപിച്ചാണ് ഹാക്കര്‍മാര്‍ പുതിയ പണി നല്‍കിയിരിക്കുന്നത്. പണം നിക്ഷേപിച്ചതിന്റെ തെളിവായി അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ആധാര്‍ തികച്ചും സുരക്ഷിതമാണെന്ന് വാദമുയര്‍ത്തി 12 അക്ക ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ശര്‍മ്മ ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സമൂഹമാദ്ധ്യമമായ ട്വിറ്ററിലൂടെ തന്നെ വെല്ലുവിളിച്ച ഒരു അക്കൗണ്ടിന് മറുപടിയായി ആധാര്‍ നമ്ബര്‍ ശര്‍മ പുറത്തുവിട്ടത്. ആയിരത്തിലധികം പേര്‍ ആ ട്വീറ്റ് റീട്വീറ്റും ചെയ്തു. വെല്ലുവിളി ഏറ്റെടുത്ത ഫ്രഞ്ച് സുരക്ഷാ വിദഗ്ദനും ആധാര്‍ പദ്ധതിയുടെ വിമര്‍ശകനുമായ എലിയട്ട് ആല്‍ഡേഴ്സണ്‍ പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്ബരുകള്‍, ഇമെയില്‍ ഐ.ഡി എന്നിവ പുറത്തുവിടുകയായിരുന്നു.

ഇതിന് ശേഷമാണ് ശര്‍മയുടെ ആധാറുമായി ബന്ധിപ്പിച്ച അഞ്ച് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഉപയോഗിച്ച് ഹാക്കര്‍മാര്‍ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പി.എന്‍.ബി ബാങ്ക് , എസ്.ബി.ഐ, കൊടക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ എന്നീ ബാങ്കുകളുടെ അക്കൗണ്ട് നമ്ബര്‍, ഐ.എഫ്.എസ്.ഇ കോഡുകളാണ് ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. ചിലര്‍ ഈ അക്കൗണ്ടുകളിലേക്ക് ഓരോ രൂപ വീതം അയച്ചതായും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ടില്‍ എത്തുന്ന പണത്തിന്, അനധികൃത സ്വത്ത് എന്നൊരു വ്യാഖ്യാനം കൂടിയുണ്ടെന്ന് അദ്ദേഹത്തിന് മനസിലാകാനാണ് ഒരു രൂപ നിക്ഷേപിച്ചതെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കി.

KCN

more recommended stories