സി.പി അബ്ദു റഊഫ് മുസ്ലിയാര്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: താണക്ക് സമീപം കാര്‍ ഡിവൈഡറില്‍ തട്ടി വൈദ്യുതി തൂണിലിടിച്ച് സുന്നി നേതാവ് മരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തളിപ്പറമ്പ തിരുവട്ടൂര്‍ സ്വദേശിയുമായ സി.പി അബ്ദു റഊഫ് മുസ്ലിയാര്‍ (60) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ കണ്ണൂര്‍ കാപിറ്റല്‍ മാളിന് സമീപമായിരുന്നു അപകടം. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെയാണ് അപകടമുണ്ടായത്. സാരമായ പരിക്കേറ്റ റഊഫ് മുസ്ലിയാരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. സുന്നി സംഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റഊഫ് മുസ്ലിയാര്‍ തളിപ്പറമ്പ അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റായിരുന്നു. പാനൂര്‍ മോന്താല്‍ ജുമുഅ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമുഅ മസ്ജിദ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്പ ബാഫഖി മദ്റസ, ബംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദര്‍റിസുമായി സേവനം ചെയ്തിരുന്നു. തളിപ്പറമ്പ ബദരിയ്യ നഗറിലാണ് താമസം.

ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്സ് ആന്‍ഡ് കോമേഴ്സ് കോളജ് അഡ്മിനിസ്ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്നോക്, അബുദാബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്വര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ എം സ്‌കൂള്‍ വിദ്യാര്‍ഥിനി). മരുമക്കള്‍: ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീന്‍ സുഹ്രി (പടന്നക്കര ജുമാ മസ്ജിദ് ഖത്തീബ്), മുബീന മാണിയൂര്‍. ഹബീബ് കൊട്ടില (എസ്.വൈ.എസ് ഏഴോം സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), സൈനുദ്ദീന്‍ തളിപ്പറമ്പ (ഖത്വര്‍).

KCN

more recommended stories