ഭെല്‍ ഇ.എം.എല്‍: എസ്. ടി. യു പ്രതിഷേധയോഗം നടത്തി

ബെദ്രഡുക്ക: ഭെല്‍ ഇ.എം.എല്‍ മാനേജ്‌മെന്റിന്റെ അനാസ്ഥക്കും, തൊഴിലാളി ദ്രോഹ നടപടികള്‍ക്കുമെതിരെ എസ്. ടി. യു പ്രതിഷേധയോഗം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സ്ഥാപനത്തില്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥകാരണം ഉല്പാദനം മുടങ്ങുന്ന സാഹചര്യമാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വായ്പയായി അനുവദിച്ച അഞ്ച് കോടി രൂപ ഫലപ്രദമായി വിനിയോഗിക്കാന്‍ മാനേജ്‌മെന്റിനലായിട്ടില്ല. തൊഴിലാളികളുടെ രണ്ട് ദീര്‍ഘകാല കരാറുകള്‍ നടപ്പിലാക്കാത്തത് കാരണം 2003 ല്‍ നിലവില്‍ വന്ന ശമ്പള ഘടന പ്രകാരം വളരെ കുറഞ്ഞ ശമ്പളത്തിനാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനം അടിയന്തിരമായി ഏറ്റെടുത്ത് ജീവനക്കാരുടെ മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് എസ്. ടി. യു ആവശ്യപ്പെട്ടു. കമ്പനി ഗേറ്റില്‍ നടന്ന യോഗത്തില്‍ പി.എം.അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.പി.മുഹമ്മദ് അനീസ്, ടി.അബ്ദുള്‍മുനീര്‍, പി.കൃഷ്ണന്‍, ബി.എസ്.അബ്ദുല്ല പ്രസംഗിച്ചു.

KCN

more recommended stories