പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ; രാജ്യസഭയും ബില്‍ പാസാക്കി

ന്യൂഡല്‍ഹി: 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. കഴിഞ്ഞ മാസം ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയും അംഗീകരിച്ചു. ഇതോടെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനു പ്രാബല്യം നഷ്ടമായി. ജമ്മു കാഷ്മീരിലെ കത്വയില്‍ എട്ടു വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ വ്യാപക ജനരോഷം ഉയര്‍ന്നതോടെയാണു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

പുതിയ ബില്ലില്‍, 16 വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷ പത്തു വര്‍ഷം തടവില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തി. ഇത് ജീവപര്യന്തമായും ഉയര്‍ത്താം. 16 വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ തടവിനും നിയമം ശിപാര്‍ശ ചെയ്യുന്നു. 12 വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാണ്. ഇത് ജീവപര്യന്തമായും വധശിക്ഷയായും കേസുകളുടെ സാഹചര്യമനുസരിച്ച് ഉയര്‍ത്താന്‍ കോടതിക്കു കഴിയും.

നിലവില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം അനുസരിച്ച് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്. കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവുമാണ്. രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ഇത്തരം കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയിട്ടുണ്ട്.

KCN

more recommended stories