നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ച് കര്‍ഷകധര്‍ണ്ണ; സി.പി.എം നേതാക്കള്‍ ഉള്‍പ്പടെ 500 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ച് കാസര്‍കോട് ഹെഡ്‌പോസ്റ്റിന് മുന്നില്‍ റോഡില്‍ പന്തല്‍കെട്ടി സമരം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ ഉള്‍പെടെ 500ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി അഡ്വ. സി.എച്ച് കുഞ്ഞമ്പു, ജില്ലാ പ്രസിഡണ്ട് പി. ജനാര്‍ദനന്‍, സി.ഐ.ടി.യു നേതാവ് ടി.കെ രാജന്‍, കര്‍ഷക സംഘം നേതാക്കളായ ഗോപാലന്‍, രവീന്ദ്രന്‍, രമേശന്‍, അബ്ദുല്‍ ഖാദര്‍, അനില്‍ കുമാര്‍, ബുജംഗ ഷെട്ടി തുടങ്ങി 500 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ഐപിസി 143, 145, 147, 149, 283, 188, 117 (ഇ) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ 12 മണിക്കൂറാണ് നടുറോഡില്‍ പന്തല്‍കെട്ടി കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹെഡ്‌പോസ്റ്റോഫീസ് സമരം നടത്തിയത്. റോഡരികില്‍ സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നതില്‍ കോടതി വിലക്ക് നിലനില്‍ക്കുമ്പോഴാണ് റോഡില്‍ പന്തല്‍കെട്ടി സമരം നടത്തിയത്. സമരത്തിനെതിരെ വിവിധ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

KCN

more recommended stories