ഗവര്‍ണറുടെ സ്വാതന്ത്ര്യദിന സത്ക്കാരം റദ്ദാക്കി, ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് രാജ് ഭവനില്‍ നടത്താനിരുന്ന സത്കാര പരിപാടി ഗവര്‍ണറുടെ തീരുമാനപ്രകാരം റദ്ദാക്കി. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്തുമാണ് ആഘോഷപരിപാടി വേണ്ടെന്നുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വന്തം ശമ്ബളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു.

മഴക്കെടുതിയില്‍ ആശങ്കയറിയിച്ച ഗവര്‍ണര്‍, രാജ് ഭവന്റെയും സര്‍ക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ വകുപ്പുകളും ദുരന്തനിവാരണ ഏജന്‍സികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി അറിയിച്ചു.

KCN

more recommended stories