ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍: വിനോദസഞ്ചാരികളെ രക്ഷപെടുത്തി

ഇടുക്കി: ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപെടുത്തി. റിസോര്‍ട്ടില്‍ കുടുങ്ങിയ 52 വിനോദ സഞ്ചാരികളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

സൈന്യവും അഗ്നിശമന സേനയും ചേര്‍ന്ന് റോഡില്‍നിന്ന് മണ്ണ് നീക്കി അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മുഴുവന്‍ ആളുകളെയും താഴെ എത്തിച്ചു. തുടര്‍ന്ന് വിനോദസഞ്ചാരികളെ മൂന്നാറിലെ കെറ്റിഡിസിയുടെ ടികൗണ്ടി ഹോട്ടലിലേക്ക് മാറ്റി.

കനത്ത മഴയെ തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് അവഗണിച്ചാണ് റിസോര്‍ട്ട് അധികൃതര്‍ സഞ്ചാരികളെ ഇവിടെ എത്തിച്ചത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ കനത്ത മഴയ്‌ക്കൊപ്പം റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ റിസോര്‍ട്ടിലേക്കുള്ള വഴിയടക്കം താറുമാറായി. പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ വിനോദ സഞ്ചാരികള്‍ ശബ്ദസന്ദേശം അയക്കുകയും സര്‍ക്കാര്‍ ഇടപെടുകയുമായിരുന്നു.

കനത്ത മഴയെത്തുടര്‍ന്നു പാറക്കല്ലുകള്‍ ഇളകി വീണതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് റിസോര്‍ട്ടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ കളക്ടര്‍ റിസോര്‍ട്ട് പൂട്ടാന്‍ നിര്‍ദേശിച്ചു. ഇതിനെതിരേ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് കളക്ടറുടെ ഉ ത്തരവ് ശരിവച്ചു. പിന്നീട് നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് പ്ലം ജൂഡി റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

KCN

more recommended stories