‘ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ്’ ഫോര്‍മുലയുമായി തിരഞ്ഞെടുപ്പു കമ്മിഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നതിനു പകരം ‘ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ്’ ഫോര്‍മുലയുമായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍. എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചാക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഓം പ്രകാശ് റാവത്ത് അഭിപ്രായപ്പെട്ടു. ഇക്കാര്യം ശുപാര്‍ശയായി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ റാവത്ത് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ഇതിനായി നിയോഗിക്കേണ്ടി വരുമെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. മാത്രമല്ല, ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നതിനുള്ള നിയമം യാഥാര്‍ഥ്യമാകണമെങ്കില്‍ കാലാകാലം കാത്തിരിക്കേണ്ടിയും വരും. ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെ ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ക്കും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് റാവത്ത് സൂചന നല്‍കി. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ പരിധിക്കുള്ളില്‍ തിരഞ്ഞെടുപ്പു സംബന്ധമായ സര്‍വേകളും മറ്റും നടത്തുന്നതില്‍നിന്നു സമൂഹ മാധ്യമങ്ങളെ വിലക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു മുന്നോടിയായി വരുന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവിപാറ്റ് സംവിധാനം ഏറ്റവും സുരക്ഷിതമാണെന്നും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത കൂട്ടാന്‍ ഇവ സഹായിക്കുമെന്നും റാവത്ത് അവകാശപ്പെട്ടു. വിവിപാറ്റ് യന്ത്രങ്ങള്‍ക്കു സമ്മതിദായകര്‍ വോട്ടു ചെയ്യുന്നതിന്റെ ചിത്രമെടുക്കാന്‍ കഴിയുമെന്ന ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. വിവിപാറ്റ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്നില്ലെന്ന് കാട്ടി രാജ്യവ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ അസം ദേശീയ പൗരത്വ റജിസ്റ്ററില്‍ (എന്‍ആര്‍സി) പേരില്ലാത്തവര്‍ക്കു വോട്ടവകാശം നിഷേധിക്കുമെന്ന പ്രചാരണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യന്‍ പൗരന്‍മാരാണെന്നു തെളിയിക്കാത്തവര്‍ക്കു വോട്ടവകാശമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പു കമ്മിഷണറുടെ വിശദീകരണം.

KCN