ആഘോഷങ്ങള്‍ ഒഴിവാക്കി കര്‍ഷകദിനാചരണം നടത്തണമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും സംസ്ഥാനമൊട്ടാകെ നാശനഷ്ടങ്ങള്‍ വിതച്ച സാഹചര്യത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കര്‍ഷകദിനാചരണ ചടങ്ങുകള്‍ നടത്തണമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. ഓഗസ്റ്റ് 12 മുതല്‍ 16 വരെ മലപ്പുറത്ത് നടത്താനിരുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ പരിപാടികളും ഇതേ രീതിയില്‍ വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

12 മുതല്‍ 15 വരെയുള്ള കലാപരിപാടികള്‍ മാറ്റിവച്ച് ആഗസ്റ്റ് 16-ന് കര്‍ഷക അവാര്‍ഡ്ദാനച്ചടങ്ങു മാത്രമാക്കി നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ഘോഷയാത്ര, കര്‍ഷക റാലി എല്ലാം റദ്ദുചെയ്യാനും മന്ത്രി നിര്‍ദേശിച്ചു.

വിപുലമായ പരിപാടികളോടെ അഞ്ചു ദിവസമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്ന സംസ്ഥാനതല കര്‍ഷക ദിനാഘോഷചടങ്ങുകളാണ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്. ചിങ്ങം ഒന്നിന് സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളിലും നടത്തുന്ന കര്‍ഷകദിനാചരണ പരിപാടിളും ഇതേ രീതിയില്‍ അവാര്‍ഡ് ദാനചടങ്ങ് മാത്രമാക്കി ചുരുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

KCN

more recommended stories