മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായിരുന്നു.

മുമ്പ് മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നും ചികിത്സയിലായിരുന്നു. 2014-ലും അദ്ദേഹത്തിന് ചെറിയതോതില്‍ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടിരുന്നു. പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. 1968 മുതല്‍ സിപിഐഎം അംഗമായിരുന്ന സോമനാഥിനെ 2008ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം.

പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തനിക്കു മോഹമുണ്ടെന്നും താന്‍ പാര്‍ട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇടതു പാര്‍ട്ടികളുടെ അപചയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകള്‍ക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റര്‍ജി വിമര്‍ശിച്ചു. പാര്‍ട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താന്‍ തിരികെ പാര്‍ട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞിരുന്നു.
രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നാണു സ്പീക്കര്‍ പദവി വിവാദത്തോട് ചാറ്റര്‍ജി പ്രതികരിച്ചത്. 2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായത്.

KCN

more recommended stories