ട്രെയിന്‍ യാത്രാനിരക്കു വര്‍ധിക്കും: പരിഷ്‌കാരം ആവശ്യമാണെന്നു പാര്‍ലമെന്ററി സമിതി നിര്‍ദേശം

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രാ നിരക്കുകളില്‍ കാലാനുസൃതമായ പരിഷ്‌കാരം ആവശ്യമാണെന്നു പാര്‍ലമെന്ററി സമിതി നിര്‍ദേശം. പെന്‍ഷന്‍ വിതരണത്തിനു നിലവില്‍ ഒരു വര്‍ഷം 50,000 കോടി രൂപയുടെ ബാധ്യതയും യാത്രാ ചെലവുകളില്‍ 35,000 കോടി രൂപയുടെ നഷ്ടവുമാണു റെയില്‍വേയ്ക്കുള്ളത്. റെയില്‍വേയുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനയില്ലാത്തതു കണക്കിലെടുത്തു നഷ്ടം നികത്തുന്നതിനു യാത്രാ നിരക്കുകളില്‍ കാലാനുസൃതമായ പരിഷ്‌കാരം ആവശ്യമാണെന്നു റെയില്‍വേ കണ്‍വന്‍ഷന്‍ കമ്മിറ്റി പര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു നിര്‍ദേശിക്കുന്നു. ഫ്‌ലെക്‌സി ചാര്‍ജ് സമ്പ്രദായം നടപ്പാക്കിയതിലൂടെ റെയില്‍വേയ്ക്കുണ്ടായ ഗുണങ്ങള്‍ വിലയിരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 2014-2015 സാമ്പത്തിക വര്‍ഷം ഒഴിച്ചു മറ്റു വര്‍ഷങ്ങളില്‍ ആഭ്യന്തര വരുമാന ലക്ഷ്യങ്ങള്‍ കൈവരിക്കാനായിട്ടില്ലെന്നതില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു. ശമ്പള, പെന്‍ഷന്‍ ഘടനകള്‍ കണക്കാക്കുന്നതു മറ്റൊരു മന്ത്രാലയമാണെങ്കിലും, ആ തുക കണ്ടത്തേണ്ടതിന്റെ ബാധ്യത റെയില്‍വേ മന്ത്രാലയത്തിനാണ്. റെയില്‍വേ ഒഴികെയുള്ള മന്ത്രാലയങ്ങളുടെ പെന്‍ഷന്‍ ബാധ്യത ധനകാര്യ വകുപ്പിനാണ്. പെന്‍ഷന്‍ വിതരണത്തിനായി വന്‍ തുക ചെലവഴിക്കേണ്ടിവരുന്നത് റെയില്‍വേയെ വലിയ തോതില്‍ ബാധിക്കുന്നു.

കേന്ദ്ര റെയില്‍വേ ബജറ്റുകള്‍ ഒന്നിച്ചാക്കിയതു കൂടി പരിഗണിച്ചു ധനകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തുകയും റെയില്‍വേയുടെ പെന്‍ഷന്‍ ബാധ്യത ഭാഗീകമായെങ്കിലും ധനകാര്യ മന്ത്രാലയം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ബിജു ജനതാദള്‍ എംപി ഭര്‍തുഹരി മെഹ്താബ് അധ്യക്ഷനായ സമിതിയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

KCN

more recommended stories