കണ്ണൂരില്‍ കനത്ത മഴയും കാറ്റും; വീടുകള്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂരിലെ ചെറുപുഴയിലും ആലക്കോടും കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമുണ്ടായി. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയില്‍, തിരുമേനി, എയ്യന്‍കല്ല് എന്നീ പ്രദേശങ്ങളില്‍ വന്‍ മരങ്ങള്‍ റോഡിലേയ്ക്ക് കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പെരിങ്ങോം ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തടസങ്ങള്‍ നീക്കം ചെയ്തത്. മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണ് വൈദ്യുത തൂണുകളും നിലംപൊത്തി. നിരവധി വീടുകളും കനത്ത കാറ്റില്‍ തകര്‍ന്നു. പ്രാപ്പോയിലില്‍ തേക്ക് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. എയ്യന്‍ കല്ല്, കക്കോട് ഭാഗങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ മരം വീണു. കാര്‍ഷിക വിളകള്‍ക്കും വ്യാപക നാശമുണ്ടായിട്ടുണ്ട്. രാജഗിരി, പുളിങ്ങോം എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു.

ആലക്കോടിന് സമീപം രയരോം, പരപ്പ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി. കനത്ത കാറ്റില്‍ റബര്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പാത്തന്‍പാറ, മോറാനി, നെല്ലിക്കുന്ന് ഭാഗങ്ങളിലും കാറ്റ് നാശമുണ്ടാക്കി. ശമനമില്ലാതെ തിമിര്‍ത്തു പെയ്യുന്ന കനത്ത മഴയില്‍ കുടിയേറ്റ മേഖലയായ കാപ്പിമല, ഒറ്റത്തൈ എന്നിവിടങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കനത്ത മഴയില്‍ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

KCN

more recommended stories