വയനാട്ടില്‍ കനത്ത മഴ തുടരുന്നു; ബാണാസുര ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

വയനാട്: വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ അളവ് കുറയാത്തതിനാലും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാലും പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തി. ഇതോടെ ഒന്നര ലക്ഷത്തിലധികം ജലമാണ് ഒരു സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്.

ജില്ലയിലുണ്ടായ കാലവര്‍ഷക്കെടുതികള്‍ക്ക് പ്രധാനകാരണം മുന്നറിയിപ്പും മുന്‍കരുതലുമില്ലാതെ ബാണാസുര ഡാം തുറന്നുവിട്ടതാണെന്ന പരാതികള്‍ക്കിടെയാണ് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. നേരത്തെ ഉയര്‍ത്തിയിരുന്ന 90 സെന്റീമീറ്ററിനൊപ്പം 90 സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്ഷോപങ്ങള്‍ കണക്കിലെടുത്ത് ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച് രാവിലെ മുതല്‍ പ്രദേശത്ത് ഉച്ചഭാഷണിയിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. റിസര്‍വോയറില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളം കടന്നുപോവുന്ന നദികളിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ വെള്ളം ഉയര്‍ന്നു വീണ്ടും ദുരിതങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡാംതുറന്നു വിടുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ അധികൃതര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍: 04936274474, 9446011981. ഡാമിന്റെ വിഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ ഷട്ടറുകള്‍ ഉടനെ താഴ്ത്താന്‍ സാധ്യതയില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ അറിയിക്കുന്നത്.

KCN

more recommended stories