കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ 17 മുതല്‍ സിംഗിള്‍ ഡ്യൂട്ടി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി രാത്രികാല ദീര്‍ഘദൂര സര്‍വീസുകളില്‍ ചിങ്ങം ഒന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുമെന്ന് സിഎംഡി ടോമിന്‍ ജെ തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 500 രാത്രികാല ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമോ, ക്രൂ ചേഞ്ച് സംവിധാനമോ പൂര്‍ണമായും നടപ്പാക്കും.

സെപ്തംബര്‍ ഒന്നിനകം മുഴുവന്‍ രാത്രികാല ദീര്‍ഘദൂര സര്‍വീസും സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറ്റും.ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കുമ്‌ബോള്‍ ബസിലുണ്ടാവുക രണ്ട് ഡ്രൈവര്‍മാരായിരിക്കും. ഇവരില്‍ ഒരാള്‍ കണ്ടക്ടറുടെ ചുമതല വഹിക്കും. ഇതിനാവശ്യമായ പരിശീലനം നിലവില്‍ 720 പേര്‍ക്ക് നല്‍കി കഴിഞ്ഞു. ശേഷിക്കുന്നവര്‍ക്കുള്ള പരിശീലനം ഉടര്‍ പൂര്‍ത്തിയാക്കും.

നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുമ്‌ബോള്‍ നിലവിലെ ഡ്രൈവറും കണ്ടക്ടറും മാറി തുടര്‍ന്നുള്ള സര്‍വീസിന് ഇവിടെ നിന്നും പുതിയ ജീവനക്കാര്‍ കയറുന്നതാണ് ക്രൂചേഞ്ച്. ജോലികഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൃശൂര്‍, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ വിശ്രമ സങ്കേതം തയ്യാറാക്കും. ജീവനക്കാര്‍ക്ക് വിശ്രമിക്കാനും വസ്ത്രംമാറാനും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കും. നിയമം അനുശാസിക്കുന്നത് എട്ട് മണിക്കൂര്‍ ജോലിയാണ്. സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂറും.

ഇതിലധികം ഒരുകാരണവാശാലും ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി അനുവദിക്കില്ല. ബസുകളുടെ പുനര്‍വിന്യാസവും ഷെഡ്യൂള്‍ ശരിയായ രീതിയിലാക്കുന്ന നടപടികളും പുരോഗമിക്കുന്നു.കഴിഞ്ഞവര്‍ഷം 1712 അപകടമാണ് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുണ്ടായത്. 202 പേര്‍ മരിച്ചു. ഈ വര്‍ഷം 749 അപകടമുണ്ടായി. ഇതില്‍ 94 പേര്‍ മരിച്ചു. അധികം അപകടങ്ങളും രാത്രികാലങ്ങളിലായിരുന്നു.

കഴിഞ്ഞവര്‍ഷം മാത്രം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിമായി 86 കോടി നല്‍കേണ്ടി വന്നു. പുതിയ റൂട്ടുകള്‍ നിശ്ചയിക്കുമ്‌ബോള്‍ റോഡിന്റെ അവസ്ഥയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് സമയം നിശ്ചയിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം റൂട്ടിലെ ചില്‍ബസുകള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ നിലവിലുള്ള ഷെഡ്യൂളുകളും പുനഃക്രമീകരിക്കും.

രാത്രികാല അപകടങ്ങളുടെയും കഴിഞ്ഞ ദിവസം ഇത്തിക്കരപാലത്തിന് സമീപമുണ്ടായ അപകടത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് സിംഗിള്‍ ഡ്യൂട്ടി നടപടി ത്വരിതഗതിയില്‍ നടപ്പാക്കുന്നത്. അപകടത്തില്‍പെട്ട ബസിലെ ഡ്രൈവര്‍ രാത്രി ഒമ്ബത് മുതല്‍ രാവിലെ 6.30 വരെ തുടര്‍ച്ചയായി ബസോടിക്കുകയായിരുന്നെന്നും സിഎംഡി പറഞ്ഞു.

KCN

more recommended stories