കാലവര്‍ഷക്കെടുതി; ആഗസ്റ്റ് 30ന് കാസര്‍കോട് ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളുടെയും വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

കാസര്‍കോട്: കാലവര്‍ഷക്കെടുതിയുടെ ദുരിതംപേറുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ ബസ് ഉടമകളും. ആഗസ്റ്റ് 30-ാം തീയ്യതി ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളും നടത്തുന്ന സര്‍വ്വീസില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.

ജീവനക്കാര്‍ അന്നേ ദിവസത്തെ വേതനം ഉപേക്ഷിച്ചും വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ സൗജന്യ യാത്രാനിരക്ക് യാത്രക്കാരും അന്നേദിവസം മുഴുവന്‍ ചാര്‍ജ്ജെങ്കിലും കൊടുത്ത് സഹകരിക്കണമെന്നും മറ്റു യാത്രക്കാര്‍ സ്വന്തം വാഹനയാത്ര ഒഴിവാക്കി അന്നേ ദിവസം സ്വകാര്യ ബസ്സുകളില്‍ യാത്രചെയ്തു ഈ സംരംഭവുമായി സഹകരിക്കണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവും റോഡുകളുടെ തകര്‍ച്ചയും മൂലം ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലും കേരളം നേരിടുന്ന പ്രതിസന്ധിക്ക് ഒരു കൈത്താങ്ങായാണ് സംഘടന ഈ സംരംഭത്തെ കാണുന്നത്. ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും മന്ത്രി, എം.എല്‍.എ. തുടങ്ങി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിന്റെ ഫ്ളാഗ് ഓഫ് നടത്തുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി, ശങ്കരനായക്, എന്‍.എം. ഹസൈനാര്‍, സി.എ. മുഹമ്മദ് കുഞ്ഞി, സി. രവി, എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories