സൈനികവേഷത്തില്‍ വ്യാജപ്രചരണം; യുവാവിനെതിരെ കേസെടുത്തു

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു. ഉണ്ണി എസ് നായര്‍ എന്നയാളാണ് ഫേസ്ബുക്കില്‍ വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്. സൈന്യത്തോട് കേരളസര്‍ക്കാരിന് വിരോധമാണെന്നും അതിനാലാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കാത്തതെന്നുമായിരുന്നു ഇയാള്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ ഇയാള്‍ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ആര്‍മിയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കുറിപ്പ് പുറത്തിറക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇന്ത്യന്‍ ആര്‍മി കുറിപ്പില്‍ പറയുന്നു. ഈ ദുരന്തത്തെ അതിജീവിക്കുക മാത്രമാണ് സൈന്യത്തിന്റെ ലക്ഷ്യം.

ഉണ്ണി എസ് നായരുടെ വ്യാജവീഡിയോ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല സൈന്യത്തിന് വിട്ടുനല്‍കണമെന്ന ആവശ്യത്തില്‍ അര്‍ഥമില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി യോജിച്ച പ്രവര്‍ത്തനം ഫലപ്രദമാണെന്നും കരസേനാ മേജര്‍ ജനറല്‍ സഞ്ജീവ് നരൈന്‍ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

KCN

more recommended stories